കൂടത്തിൽ കുടുംബത്തിലെ മരണം; കാര്യസ്ഥൻ രവീന്ദ്രൻ നായർ അറസ്റ്റിൽ 
KERALA

കൂടത്തിൽ തറവാട്ടിൽ 15 വർഷത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത് ഏഴ് പേർ; കാര്യസ്ഥൻ രവീന്ദ്രൻ നായർ അറസ്റ്റിൽ

മുൻ കളക്ടർ മോഹൻദാസ് ഉൾപ്പെടെ 12 പേർ ഈ കേസിൽ പ്രതിപ്പട്ടികയിലുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണങ്ങളും സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കാര്യസ്ഥനും കേസിലെ ഒന്നാം പ്രതിയുമായ രവീന്ദ്രൻ നായർ അറസ്റ്റിലായി. ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും, തുടർന്ന് വ്യാജ വിൽപത്രം ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുകയും ചെയ്തിരുന്നു.

കൂടത്തിൽ കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജ വിൽപത്രം ചമച്ച് ഒരു ട്രസ്റ്റിൻ്റെ പേരിലാക്കി തട്ടിയെടുക്കാൻ ശ്രമിച്ചു എന്നതാണ് രവീന്ദ്രൻ നായർക്കെതിരെയുള്ള പ്രധാന കേസ്. ഈ കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർ ഒന്നാം പ്രതിയും മറ്റൊരു കാര്യസ്ഥനായ സഹദേവൻ രണ്ടാം പ്രതിയുമാണ്. മുൻ കളക്ടർ മോഹൻദാസ് ഉൾപ്പെടെ 12 പേർ ഈ കേസിൽ പ്രതിപ്പട്ടികയിലുണ്ട്.

ഗൂഢാലോചന, സാമ്പത്തിക തട്ടിപ്പ്, വധഭീഷണി തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടത്തിൽ കുടുംബത്തിൽ 15 വർഷത്തിനിടെ ഏഴ് പേരാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ഇതിൽ അവസാനമായി 2017-ൽ മരണപ്പെട്ട ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.

ജയമാധവൻ നായർ കട്ടിലിൽ നിന്ന് വീണ് ബോധരഹിതനായപ്പോൾ താനും വീട്ടുജോലിക്കാരി ലീലയും ചേർന്ന് ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന രവീന്ദ്രൻ നായരുടെ വാദം കള്ളമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. രവീന്ദ്രൻ നായർ തന്നെ ഭീഷണിപ്പെടുത്തി വ്യാജ മൊഴി പറയിച്ചതാണെന്ന് ഓട്ടോ ഡ്രൈവർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

തലക്കേറ്റ ക്ഷതമാണ് ജയമാധവൻ്റെ മരണത്തിന് കാരണമാക്കിയതെന്ന ഫോറൻസിക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, കേസ് സ്വാഭാവിക മരണത്തിൽ നിന്നും കൊലപാതക കേസാക്കി മാറ്റാൻ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ മുൻപ് രവീന്ദ്രൻ നായരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് കൂടത്തിൽ തറവാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിന് പുറമെ മരണങ്ങളിലെ ദുരൂഹത നീക്കാനുള്ള വിശദമായ അന്വേഷണങ്ങളും തുടരുകയാണ്.

SCROLL FOR NEXT