കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. കോൺഗ്രസ് എന്നും സ്ത്രീപക്ഷത്താണെന്നായിരുന്നു ദീപ്തി മേരി വർഗീസിൻ്റെ പ്രസ്താവന. കോൺഗ്രസിൻ്റേത് മാതൃകാപരമായ തീരുമാനമാണെന്നും ഇത് തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കുമെന്നും ദീപ്തി അഭിപ്രായപ്പെട്ടു.
രാഹുലിനെ പുറത്താക്കിയത് കോൺഗ്രസ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് ദീപ്തി പറയുന്നു. രാജിവെക്കണോ എന്ന് രാഹുൽ തീരുമാനിക്കട്ടെയെന്നും അവർ അഭിപ്രായപ്പെട്ടു. രാഹുലിനെതിരായ എം.എ. ഷഹനാസിൻ്റെ ആരോപണത്തിലും ദീപ്തി പ്രതികരിച്ചു. പരാതിയുണ്ടെങ്കിൽ ആ സമയത്ത് പറയണമായിരുന്നു. മൂടിവെച്ച് വർഷങ്ങൾ കഴിഞ്ഞല്ല പറയേണ്ടത്. ഷഹനാസിന്റെ പരാതിയും അന്വേഷിക്കട്ടെയെന്നും അവർ പറഞ്ഞു.
അതേസമയം രാഹുലിനെതിരെ ആക്ഷേപം ഉയർന്നയുടൻ കോൺഗ്രസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു ഷാഫി പറമ്പിൽ എംപിയുടെയും പ്രസ്താവന. രാഹുലിന് വ്യക്തിപരമായല്ല, സംഘടനപരമായി മാത്രമാണ് പിന്തുണ നൽകിയതെന്നാണ് ഷാഫി പറമ്പിലിൻ്റെ പക്ഷം. ഇതിനൊപ്പം ഷഹനാസിൻ്റെ ആരോപണം ഷാഫി പറമ്പിൽ നിഷേധിച്ചിട്ടില്ല.
ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുമ്പോൾ, പല രാഷ്ട്രീയ പാർട്ടികളും എടുക്കാൻ മടിച്ച തീരുമാനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പിൽ പറയുന്നു. രേഖാമൂലം പരാതി ലഭിക്കും മുൻപ് തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും പാർലമെൻ്ററി പാർട്ടിയിൽ നിന്നും രാഹുലിനെ പാർട്ടി മാറ്റി നിർത്തി. നിയമപരമായി മുന്നോട്ട് പോകട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.