KERALA

ജയിൽ കോഴക്കേസിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൈക്കൂലി കേസിൽ ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന് സസ്പെൻഷൻ. കൊലക്കേസ് പ്രതികൾ, മയക്കുമരുന്ന് സംഘത്തിൽപെട്ട പ്രതികൾ, എന്നിവർക്ക് ജയിൽ ചട്ടങ്ങൾ കാറ്റി പറത്തി കൊണ്ട് വഴിവിട്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു എന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെതിരെ നടപടിയെടുത്തത്.

കൊടി സുനിയുടെ ബന്ധുവിൽ നിന്നടക്കം കൈക്കൂലി വാങ്ങിയിരുന്നു എന്ന് റിപ്പോർട്ടിലുണ്ട്. രാഷ്‌ട്രീയക്കൊലപാതക കേസിലെ പ്രതികൾക്കും മയക്കുമരുന്ന് കേസിലെ പ്രതികൾക്കും അനുകൂല റിപ്പോർട്ടുകൾ നിർമിച്ച് നൽകി പരോൾ അനുവദിച്ചു എന്ന ഗുരുതര കണ്ടെത്തലടക്കമാണ്  വിനോദ് കുമാറിനെതിരെ ഉള്ളത്.  12 തടവുകാരുടെ ഉറ്റവരിൽ നിന്ന് വിനോദ് കുമാർ പണം വാങ്ങിയിട്ടുണ്ട്. ഗൂഗിൾ പേ വഴിയും ഇടനിലക്കാരൻ വഴിയുമാണ് പണം വാങ്ങുന്നത്. 1,80,000 രൂപ വിനോദിൻ്റെ അക്കൗണ്ടിൽ വന്നതിൻ്റെ തെളിവും വിജിലൻസ് കണ്ടെത്തിയിരുന്നു.

വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഇതിന് ഇടനിലക്കാരൻ നിന്നത്. കഴിഞ്ഞ ദിവസമാണ് തടവുകാരിൽ നിന്ന് പണം വാങ്ങിയെന്ന കണ്ടെത്തലിൽ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ കേസെടുത്തത്.  തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. കേസിൽ പ്രതിയാക്കിയ ശേഷം വിനോദ് കുമാറിൻ്റെ ആലപ്പുഴയിലെ വീട്ടിലും പൂജപ്പുരയിലെ ക്വോർട്ടേഴ്സിലും പരിശോധന നടത്തുകയും ബാങ്ക് രേഖകളടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും വിനോദിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പെഷ്യൽ സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയാൽ വിനോദിനെതിരെ വീണ്ടും കേസെടുക്കും.

SCROLL FOR NEXT