കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശേരി സ്വദേശി സനൂപാണ് വെട്ടിയത്. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസുകാരിയുടെ പിതാവാണ് സനൂപ്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
താമരശേരി താലൂക്കാശുപത്രിയിലെ സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ചാണ് വെട്ടിയത്. ഇയാളെ പൊലീസ് പിടികൂടി. വെട്ടാനുപയോഗിച്ച വാളും പൊലീസ് പിടിച്ചെടുത്തു. രണ്ടു മക്കളുമായാണ് അക്രമി എത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. എന്നാൽ ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. ജൂനിയർ ഡോക്ടർ വിപിനാണ് മുറിയിലുണ്ടായിരുന്നത്. മകളുടെ കാര്യം പറഞ്ഞ് തർക്കിക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു
ഡോക്ടർക്ക് സാരമായ പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രാഥമിക ചികിത്സ ഡോക്ടർക്ക് താമരശേരി താലൂക്ക് ആശുപത്രിയിൽ വച്ചുതന്നെ നൽകിയിരുന്നു. നിലവിൽ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലാണ് ഡോക്ടർ ഉള്ളത്.
ആഗസ്റ്റ് 14നാണ് സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെയും സനൂപ് സർക്കാരിനെതിരെയും താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.