KERALA

“നീ ഉദ്ബോധകൻ മാത്രം, അധികാരം ചെലുത്തുന്നവനല്ല”; ശബ്നം നൂർജഹാനെതിരായ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഡോ. ഹുസൈൻ മടവൂർ

മക്കളോടായാലും മരുമക്കളോടായാലും ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ പറയാറുണ്ടെന്നും ഈ വിഷയത്തിലും തൻ്റെ ബാധ്യത നിർവഹിച്ചിട്ടുണ്ടെന്നും ഹുസൈൻ മടവൂർ വിശദീകരിച്ചു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സൂഫി ആധ്യാത്മിക പരിപാടി സംഘടിപ്പിച്ച ഫറൂഖ് കോളേജ് അധ്യാപികയും മരുമകളുമായ ശബ്നം നൂർജഹാനെതിരെ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം നിലപാട് തുറന്നുപറഞ്ഞ് ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെൻ്റ് ജനറൽ സെക്രട്ടറിയും ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് (എച്ച്ആർഡിഎഫ് ഡൽഹി) ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ. "നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എൻ്റെ മതം" എന്ന വിശുദ്ധ ഖുർആൻ്റെ സന്ദേശങ്ങൾ തൻ്റെ സമീപനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നവയാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തൻ്റെ വിശ്വാസത്തിലും ബോധ്യങ്ങളിലും സംഘടനാപരമായ നിലപാടുകളിലും എന്നും ഉറച്ചുനിന്നിട്ടുണ്ടെന്നും അതോടൊപ്പം അഭിപ്രായവ്യത്യാസമുള്ള വ്യക്തികളോടും സംഘടനകളോടും മറ്റു മതവിശ്വാസികളോടും സൗഹൃദവും സഹിഷ്ണുതയും പുലർത്തണമെന്നുമാണ് താൻ വിശ്വസിക്കുന്നതെന്നും ഹുസൈൻ മടവൂർ ഫേസ്ബുക്കിൽ കുറിച്ചു.

മക്കളോടായാലും മരുമക്കളോടായാലും ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ പറയാറുണ്ടെന്നും ഈ വിഷയത്തിലും തൻ്റെ ബാധ്യത നിർവഹിച്ചിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യുമെന്നും അതിനുള്ള നല്ല അന്തരീക്ഷം നിലനിർത്തിയിട്ടുണ്ടെന്നും ഹുസൈൻ മടവൂർ നിലപാട് വ്യക്തമാക്കി. മരുമകളുടെ നിലപാടുകളെ തള്ളാതെയാണ് ഹുസൈൻ മടവൂർ തൻ്റെ വിശദീകരണം നൽകിയിരിക്കുന്നത്. “മതത്തിൽ നിർബന്ധമില്ല”, “നീ ഉദ്ബോധകൻ മാത്രമാണ്; അവരുടെ മേൽ അധികാരം ചെലുത്തുന്നവനല്ല”, “നിങ്ങൾക്ക് നിങ്ങളുടെ മതം; എനിക്ക് എൻ്റെ മതം”, എന്നീ ഖുർആൻ വചനങ്ങളോടെയാണ് അദ്ദേഹം വിവാദങ്ങൾക്ക് വിശദീകരണം നൽകിയത്.

അടുത്തിടെ ശബ്നം നൂർജഹാൻ മുതിർന്ന സ്ത്രീകൾക്കായി സംഘടിപ്പിച്ച ഒരു സൂഫി ആത്മീയ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് ചില യാഥാസ്ഥിതിക, സലഫി സംഘടനകൾ അവർക്കെതിരെ വലിയ തോതിൽ വിദ്വേഷ പ്രചാരണങ്ങൾ നടത്തുകയുണ്ടായി. തനിക്ക് നേരെ ഉയർന്ന 'എക്സ്-മുസ്‌ലിം സൂഫി', 'അരീസ്റ്റ് സൂഫി' തുടങ്ങിയ ലേബലുകളെയെല്ലാം അവർ ശക്തമായി മറുപടി നൽകി പ്രതിരോധിച്ചിരുന്നു.

മത പൗരോഹിത്യത്തിൻ്റെ കടുംപിടുത്തങ്ങളെ വിമർശിക്കുന്ന ശബ്നം നൂർജഹാൻ, ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ നോക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് മുന്നിൽ കീഴടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ്. താൻ ഇസ്‌ലാമിനെയല്ല, മറിച്ച് മത യാഥാസ്ഥിതികത്വത്തെയാണ് വിമർശിക്കുന്നതെന്നും അവർ മാധ്യമങ്ങളിലൂടെ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്.

ഡോ. ഹുസൈൻ മടവൂരിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം:

ഫാറൂഖ് കോളേജ് അധ്യാപിക ശബ്നം നൂർജഹാൻ സൂഫിസവുമായി ബന്ധപ്പെട്ട് പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. അവർ എൻ്റെ മരുമകൾ ആയതിനാൽ എന്നെയും ഇതുമായി ബന്ധപ്പെടുത്തി ചിലർ പരാമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അതുകൊണ്ട് എന്റെ നിലപാട് ചുരുക്കത്തിൽ വ്യക്തമാക്കുന്നു.

ഇതുസംബന്ധിച്ച എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്. എൻ്റെ വിശ്വാസത്തിലും ബോധ്യങ്ങളിലും സംഘടനാപരമായ നിലപാടുകളിലും ഞാൻ എന്നും ഉറച്ചുനിന്നിട്ടുണ്ട്. അതോടൊപ്പം, അഭിപ്രായവ്യത്യാസമുള്ള വ്യക്തികളോടും സംഘടനകളോടും മറ്റു മതവിശ്വാസികളോടും സൗഹൃദവും സഹിഷ്ണുതയും പുലർത്തണമെന്നും ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അഭിപ്രായവ്യത്യാസം ശത്രുതയായി മാറേണ്ടതില്ല.

“മതത്തിൽ നിർബന്ധമില്ല”, “നീ ഉദ്ബോധകൻ മാത്രമാണ്; അവരുടെ മേൽ അധികാരം ചെലുത്തുന്നവനല്ല”, “നിങ്ങൾക്ക് നിങ്ങളുടെ മതം; എനിക്ക് എൻ്റെ മതം”, വിശുദ്ധ ഖുർആൻ്റെ ഈ സന്ദേശങ്ങൾ എൻ്റെ സമീപനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നവയാണ്. പൊതുമണ്ഡലത്തിൽ ഞാൻ സ്വീകരിച്ചുവന്ന ഇതേ സമീപനം തന്നെയാണ് കുടുംബജീവിതത്തിലും പിന്തുടരുന്നത്. മക്കളോടായാലും മരുമക്കളോടായാലും എനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ ഞാൻ പറയാറുണ്ട്; ആവശ്യമായ ഉപദേശങ്ങൾ നൽകാറുമുണ്ട്.

ഈ വിഷയത്തിലും എൻ്റെ ബാധ്യത ഞാൻ നിർവഹിച്ചിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. അതിനുള്ള നല്ല അന്തരീക്ഷം നിലനിർത്തിയിട്ടുമുണ്ട്. നമ്മുടെ മക്കളെയും കുടുംബങ്ങളെയും നേരായ വഴിയിൽ പടച്ചവൻ നയിക്കട്ടെ. ശരിയായത് തിരിച്ചറിയാനും അതിൽ ഉറച്ചുനിൽക്കാനും നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ.

ഹുസൈൻ മടവൂർ

SCROLL FOR NEXT