തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക് പിഎസ്സി നടത്തിയ പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേട് തെളിയിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഡമ്മി മൂല്യനിർണയ പരീക്ഷ നടത്തി. സാങ്കേതിക തകരാർ മൂലമാണ് ചില ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്താതെ പോയതെന്ന പിഎസ്സി ഉദ്യോഗസ്ഥരുടെ വാദം കള്ളമാണെന്ന് തെളിയിക്കാനാണ് സി-ഡാക്, സി-ഡിറ്റ് വിദഗ്ദ്ധരുടെ സഹായത്തോടെ അന്വേഷണ സംഘം ഡമ്മി പരീക്ഷാ മൂല്യനിർണയം നടത്തിയത്.
ആസൂത്രണ ബോർഡ് പരീക്ഷ എഴുതിയ 228 ഉദ്യോർഥികളുടെ അതേ മാതൃകയിൽ ഡമ്മി പരീക്ഷ നടത്തി ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഓൺലൈൻ വാല്യുവേഷൻ സോഫ്റ്റ്വെയറിലൂടെ പരിശോധിച്ചു. ഇതോടെ സോഫ്റ്റ്വെയറിന് യാതൊരു സാങ്കേതിക തകരാർ ഇല്ലെന്ന് ഈ പരീക്ഷണത്തിലൂടെ തെളിഞ്ഞു.
ചില ചോദ്യങ്ങളുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ലെന്ന് സോഫ്റ്റ്വെയർ കൃത്യമായി സ്ക്രീനിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച് സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്ത് വാല്യുവേഷൻ പ്രക്രിയ ബോധപൂർവം അവസാനിപ്പിക്കുകയായിരുന്നു എന്ന് സെർവർ ഡാറ്റ പരിശോധിച്ചതിലൂടെ കണ്ടെത്തി.
എക്കണോമിക്സ് വിഭാഗത്തിൽ 58 മാർക്കിൻ്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് ഒഴിവാക്കിയത്. യോഗ്യതയില്ലാത്ത ഒരു ഉദ്യോഗാർഥിക്ക് ഒന്നാം റാങ്ക് എത്തിക്കാനും അർഹരായ ഉദ്യോഗാർഥികളെ റാങ്ക് പട്ടികയ്ക്ക് പുറത്താക്കാനും വേണ്ടിയാണ് ഇത് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.