

തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിറാം കൊലക്കേസിൽ രണ്ടാം പ്രതി ഉമറിൻ്റെ പെൺസുഹൃത്തും പോലീസ് കസ്റ്റഡിയിലായി. പെൺകുട്ടിക്കും കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം അഭിറാമിനെ കാണാനില്ലെന്ന പരാതി അന്വേഷിക്കുന്നതിൽ ശ്രീകാര്യം പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. എഡിജിപിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. അഭിറാമിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാത്രിയിലാണ് പരാതി നൽകിയത്. ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും, പ്രതികളെ കണ്ടെത്തുകയും ചെയ്തു.
ഒന്നാംപ്രതിയെ അന്നുതന്നെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു . എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ സ്റ്റേഷനിൽ നിർത്താൻ കഴിയാത്ത സാഹചര്യം പരിഗണിച്ച് മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. കൃത്യമായ അന്വേഷണം നടത്തിയതുകൊണ്ടാണ് 12 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം കൊലപാതകം നടത്താൻ പോകുന്ന വിവരം ഉമർ ഐശ്വര്യയെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പ്രണയപ്പകയും തർക്കങ്ങളുമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭിറാമിനെ കാണാതാവുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഒന്നാം പ്രതി കാമുകിയെ കൊണ്ട് അഭിറാമിനെ വിളിച്ച് വരുത്തി കൊലപ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഒന്നാം പ്രതിയായ 17-കാരൻ്റെ ലക്ഷ്യം അഭിറാമിൻ്റെ സുഹൃത്തിനെ വിളിച്ചുവരുത്തി അപായപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിന് അഭിറാം വഴങ്ങാത്തതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിറാമിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും തുടർന്ന് ബെൽറ്റും കൈയും ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം കൊല്ലപ്പെടുന്നതിന് മുൻപ് അഭിറാം വീട്ടിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ഒന്നാം തീയതി ഉച്ചയ്ക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് കിട്ടിയിട്ടുള്ളത്. കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് വിശദമായി പരിശോധിച്ച് വരുകയാണ്. പരുത്തിപ്പാറ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട അഭിറാം.