Social Media
KERALA

നിക്ഷേപ തട്ടിപ്പ്; എൻ. എം. രാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി, ആന്റോ ആന്റണി എംപിക്ക് നൽകിയ പണത്തെ കേന്ദ്രീകരിച്ച് അന്വേഷണം

കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നടപടികളിലേക്ക് ഇഡി കടക്കും

Author : ശാലിനി രഘുനന്ദനൻ

കൊച്ചി: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ഉടമ എൻ. എം. രാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി. ആന്റോ ആന്റണി എംപിക്ക് നൽകിയ പണത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ നീക്കം. ആന്റോ ആന്റണി നൽകിയത് തട്ടിപ്പ് പണമാണോ എന്ന് കണ്ടെത്താനാണ് അന്വേഷണം. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നടപടികളിലേക്ക് ഇഡി കടക്കും.

ഇന്നലത്തേ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യൽ. നേരത്തെ സ്ഥാപനത്തിലും വീട്ടിലും അടക്കം റെയ്ഡ് നടത്തിയതിന് പിന്നാലെ എൻ എം രാജുവിന്റെ പേരിലുള്ള 44.5 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. പത്തനംതിട്ട എം പി ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ. എം. രാജു നേരത്തേ തന്നെ മാധ്യമങ്ങളെ കണ്ടിരുന്നു.

രണ്ട് മാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിൽ ആന്റോ ആന്റണി തന്റെ പക്കൽനിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നും എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നും രാജു ആരോപിച്ചു. പല തവണ കരഞ്ഞു കൊണ്ട് ചോദിച്ചെങ്കിലും പണം തിരികെ നൽകിയെങ്കിലും ഈട് ഇല്ലാതെയാണ് താൻ പണം നൽകിയതെന്നും രാജു പറഞ്ഞു. സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രിക്ക് നിക്ഷേപമുണ്ടന്ന് സംശയിക്കുന്ന സ്ഥാപനമാണ് നെടുംപറമ്പിൽ ക്രെഡിറ്റ്‌ സിൻഡിക്കറ്റ്.

സ്ഥാപനത്തിലെ നിക്ഷേപ തുക ഉപയോഗിച്ച് സ്ഥാപന ഉടമ രാജു ജോർജും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. സ്വർണ്ണ പണയ ഇടപാടുകൾക്കും, മറ്റ് ബിസിനസ് ആവശ്യങ്ങൾക്കുമായും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ ചുവടുപിടിച്ചാണ് 2024 ജൂലൈ 1 ന് ഇഡിയും കേസെടുത്തത്.

SCROLL FOR NEXT