സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. ഇതോടെ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് നിർദേശം നൽകി കെഎസ്ഇബി. കേരള വാട്ടർ അതോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് മാറ്റണമെന്ന് നിർദേശം നൽകി.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ, കൂടുതൽ ഊർജം ആവശ്യമായ പ്രക്രിയകൾ ഓഫ്-പീക്ക് സമയത്തേക്ക് ക്രമീകരിക്കണം. ഹെവി ഉപകരണങ്ങളുടെ ഉപയോഗം പീക്ക് സമയത്ത് നിന്നും ഒഴിവാക്കുകമെന്നും ഉത്തരവുണ്ട്.
ഇവി വാഹനങ്ങളുടെ ചാർജിങ് പകൽ സമയത്തേക്ക് മാറ്റണം. എസിയുടെ താപനില 25°C അല്ലെങ്കിൽ അതിനു മുകളിൽ ക്രമീകരിക്കണം. ആവശ്യമില്ലാത്ത അലങ്കാര ദീപങ്ങളും ഉയർന്ന പവർ ഉള്ള ലൈറ്റുകളും ഒഴിവാക്കുകമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 95.39 മില്യൺ യൂണിറ്റാണ്. പീക്ക് സമയത്തെ ആവശ്യകത 5400 മെഗാവാട്ടാണ്. വൈകിട്ട് ഏഴ് മണി മുതൽ രാത്രി 12.00 മണി വരെയാണ് ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യകത അനുഭവപ്പെടുന്നതെന്നും അതിനാൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു. രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം നാല് മണി വരെയുള്ള സമയങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗം മാറ്റണമെന്ന് കെഎസ്ഇബി അറിയിച്ചു.