KERALA

രാജ്യത്ത് ആദ്യം; ഫിസിയോ തെറാപ്പി ചികിത്സയ്‌ക്കായി റോബോട്ടിക് സംവിധാനം ഒരുക്കി കുടുംബാരോഗ്യ കേന്ദ്രം

വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഫിസിയോ തെറാപ്പി ചികിത്സയ്‌ക്കായി റോബോട്ടിക് സംവിധാനം ഒരുക്കിയത്.

Author : ന്യൂസ് ഡെസ്ക്

വയനാട്: രാജ്യത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനം നിലവിൽ വന്നു. വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഫിസിയോ തെറാപ്പി ചികിത്സയ്‌ക്കായി റോബോട്ടിക് സംവിധാനം ഒരുക്കിയത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനത്തിൻ്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു.

മസ്തിഷാകാഘാതവും അപകടങ്ങളും കാരണം ശരീരം തളര്‍ന്നു പോകുന്നവര്‍ക്ക് ഫിസിയോതെറാപ്പിയിലൂടെ എഴുന്നേറ്റ് നിൽക്കാനും നടക്കാനും പരിശീലനം നൽകുന്ന സംവിധാനമാണ് ജി-ഗെയ്റ്റര്‍. പരിപാടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ തമിഴ്നാട് സ്വദേശി ജഗദീഷ് മാസത്തിന് ശേഷം ജി-ഗെയ്റ്റര്‍ സംവിധാനം ഉപയോഗിച്ച് നടന്നു.

വയനാട് പാക്കേജിൽ നിന്ന് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സെൻ്റർ സ്ഥാപിച്ചത്. കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാം എന്നതാണ് ഈ സംവിധാനത്തിൻ്റെ പ്രത്യേകത. വയനാട്ടിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അത്യാധുനിക ചികിത്സ സംവിധാനങ്ങൾ എത്തിച്ച് ഗോത്രവിഭാഗക്കാരെ ചേർത്തു പിടിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് വീണാ ജോർജ് പറഞ്ഞു .

കേരളത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രമായിരുന്നു ഈ സംവിധാനം ഉണ്ടായിരുന്നത്. ർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറിലധികം പേരാണ് ചികിത്സ തേടി ഇവിടെയെത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ മണിക്കൂറിന് 3,000 രൂപയിൽ അധികം ഈടാക്കുമ്പോൾ സൗജന്യ ചികിത്സയാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും നൽകുന്നത്.

SCROLL FOR NEXT