കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ് 
KERALA

"എവിടെ കിട്ടിയാലും ഇവന്മാരെ ..."; കസ്റ്റഡി മർദനത്തില്‍ ഉള്‍പ്പെട്ട പൊലീസുകാർക്കെതിരെ ഭീഷണി പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

യൂത്ത് കോൺഗ്രസ് ഭാരവാഹി വി.എസ്. സുജിത്തിനെ മർദിച്ച പൊലീസുകാരെ കൈകാര്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ്. യൂത്ത് കോൺഗ്രസ് ഭാരവാഹി വി.എസ്. സുജിത്തിനെ മർദിച്ച പൊലീസുകാരെ കൈകാര്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ ആഹ്വാനം ചെയ്തു.

"ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ ഇറങ്ങണം. നമ്മുടെ സഹപ്രവർത്തകൻ അനുഭവിച്ച വേദന ഇവന്മാർ അറിയണ്ടേ..? എവിടെ കിട്ടിയാലും ഇവന്മാരെ കൈകാര്യം ചെയ്യണം. കണ്ണൂരിൽ കാല് കുത്തിയാൽ ഞങ്ങൾ നോക്കിക്കോളാം. ആ കേസ് കൂടി നമുക്ക് അന്തസായി നടത്താം," ഫർസിൻ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫർസിൻ മജീദ്. ഈ സംഭത്തില്‍ നേരത്തെ ആറ് മാസത്തേക്ക് ഫര്‍സിനെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി മർദനത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്ത് ഇരയായെന്ന് ശരിവയ്ക്കുന്നതാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. എസ്ഐയുടെ നേതൃത്വത്തിലായിരുന്നു മർദനം. സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് വച്ചും പൊലീസ് കൂട്ടം ചേർന്ന് മർദിച്ചെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പൊലീസ് വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള റിപ്പോർട്ട് ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ കെ.സി. സേതു ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു.

പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ട് ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലോക്കപ്പ് മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. നാല് പൊലീസുകാരുടെയും പ്രമോഷൻ മൂന്ന് വർഷത്തേക്കും ഇൻക്രിമെൻ്റ് രണ്ട് വർഷത്തേക്കും തടഞ്ഞിട്ടുണ്ട്. അതിനാൽ ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. കസ്റ്റഡി മർദനത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് യുഡിഎഫ്. കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടും വരെ സമരം തുടരാനാണ് തീരുമാനം. ഈ മാസം 10ന് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്ക് മുൻപിലും ജനകീയ പ്രതിഷേധ സംഗമം നടത്തും.

SCROLL FOR NEXT