തൃശൂർ: പൂങ്കുന്നം സീതാറാം മിൽ ലൈനിൽ ശ്രീകൃഷ്ണ നിലയത്തിൽ കാർത്തിക്കിൻ്റെ വീട്ടിൽ നിന്നാണ് ഇന്നും രണ്ട് മലമ്പാമ്പുകളെ പിടികൂടിയത്. ഇന്നലെ ഇവിടെ നിന്ന് 18 പാമ്പുകളെ പിടികൂടിയിരുന്നു. പാമ്പിനെ പിടിക്കുന്നതിനിടെ രണ്ടണ്ണം തോടിന് സമീപത്തേക്ക് രക്ഷപ്പെട്ടിരുന്നു.
പെരിങ്ങാവ് ഭാഗത്ത് നിന്ന് പുഴയ്ക്കൽ ഭാഗത്തേക്ക് പോകുന്ന തോടിന് സമീപമാണ് കാർത്തിക്കിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാവിലെ കാർത്തിക്കിൻ്റെ സഹോദരനാണ് തോടിനോട് ചേർന്നുള്ള വീടിൻ്റെ പരിസരത്ത് ആദ്യം രണ്ട് പാമ്പുകളെ കണ്ടത്.
എന്നാൽ ആദ്യ ഘട്ടത്തിൽ വീട്ടുകാർ ഇത് വലിയ കാര്യമായി എടുത്തില്ല. വൈകുന്നേരമായതോടെ വീട്ടിൻ്റെ പരിസരത്ത് പാമ്പിൻ കുഞ്ഞുങ്ങളെ വീണ്ടും കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളായ അജിഷ്, മനു, ടൈസൺ എന്നിവർ ചേർന്നാണ് വീട്ടുപരിസരത്ത് നിന്നും പാമ്പുകളെ പിടികൂടിയത്.
അതേസമയം ഇനിയും കൂടുതൽ പാമ്പുകൾ ഉണ്ടാകുമെന്ന ഭയത്തിലാണ് വീട്ടുകാരും പ്രദേശവാസികളും. ജെസിബി ഉപയോഗിച്ച് തറ പൊളിച്ച് പരിശോധന നടത്താനുള്ള ശ്രമത്തിലാണ് വീട്ടുകാർ. കൂടാതെ വീടിനോട് ചേർന്ന് നിൽക്കുന്ന മതിൽ പൊളിച്ച് വിശദമായ പരിശോധന നടത്തും.