Source: News Malayalam 24X7
KERALA

വാളയാർ ആൾക്കൂട്ട കൊലപാതകം: ചർച്ച ഫലം കണ്ടു, സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും നന്ദി പറഞ്ഞ് രാം നാരായൺ ബഗേലിന്റെ കുടുംബം

കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് ക്യാബിനറ്റ് യോഗത്തിൽ തീരുമാനം എടുക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വാളയാറിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുത്ത് ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങളും സമരസമിതിയും അറിയിച്ചു. കുടുംബവും റവന്യൂ മന്ത്രി കെ.രാജനും തമ്മിൽ നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരം ഉറപ്പു നൽകിയ സാഹചര്യത്തിലാണ് തീരുമാനം. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പഴുതടച്ച അന്വേഷണം നടത്തും, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് ക്യാബിനറ്റ് യോഗത്തിൽ തീരുമാനം എടുക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

സർക്കാരുമായുള്ള ചർച്ച പോസിറ്റീവ് ആയിരുന്നുവെന്ന് സമരസമിതിയും വ്യക്തമാക്കി. ആൾക്കൂട്ട മർദന കൊലപാതകത്തിലെ പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പാലക്കാട് എസ് പി അജിത്കുമാർ പറഞ്ഞു. കൂടുതൽ വകുപ്പുകൾ ചേർക്കും. എസ്‌സിഎസ്ടി വകുപ്പ് ഉൾപ്പെടെ ചുമത്തി എഫ് ഐആർ പുതുക്കുമെന്നും എസ് പി വ്യക്തമാക്കി. ഛത്തീസ്ഗഡ് സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും പ്രതിനിധികൾ രാം നാരായൺ ബഗേലിന്റെ കുടുംബവുമായി സംസാരിച്ചു.

തൃശൂർ കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ ആക്ഷൻ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. അടിയന്തര നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ തയ്യാറായിരുന്നില്ല. സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ രേഖാമൂലം ഉറപ്പു നൽകാത്തതിനാലാണ് ഇന്നലെ രാത്രി തങ്ങൾ പ്രതിഷേധം തുടർന്നതെന്ന് സമരസമിതി പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം. ചർച്ചയിൽ ആവശ്യങ്ങളെല്ലാം പരിഗണിക്കപ്പെട്ടു .കേരള സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും, പിന്തുണച്ച മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവർക്കും നന്ദി പറഞ്ഞാണ് രാം നാരായണൻ്റെ സഹോദരൻ പ്രതികരിച്ചത്.

രാം നാരായൺ ബഗേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ്. അതേസമയം ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഐഎം ആരോപണം.

SCROLL FOR NEXT