കൊച്ചി: ദ്വാരപാലകശിൽപ്പത്തിൽ പൂശിയതിന് ശേഷമുളള അധിക സ്വർണം ഉപയോഗിക്കാൻ അനുമതി തേടി ഉണ്ണികൃഷ്ണൻ പോറ്റി ഇ-മെയിൽ അയച്ചിരുന്നതായി സ്ഥിരീകരിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ.വാസു. സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് ഇതുപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഇ–മെയിലിൽ ഉള്ളത്. 2019 ഡിസംബർ 9നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി ഇ–മെയിലിൽ അയച്ചത്. പോറ്റിയുടെ സ്വന്തം സ്വർണമെന്ന് കരുതിയത്. തിരവാഭരണ കമ്മീഷണറോട് അഭിപ്രായം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും എൻ. വാസു പറഞ്ഞു.
"ശബരിമല ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വർണപ്പണി പൂർത്തിയാക്കിയ ശേഷം എന്റെ കൈയിൽ കുറച്ച് സ്വർണം ബാക്കിയുണ്ടെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ചേർന്ന് സഹായം ആവശ്യമുള്ള ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഇത് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം ദയവായി അറിയിക്കുക," എന്നാണ് മെയിലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, അധിക സ്വർണം എന്തുചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ദേവസ്വം സെക്രട്ടറി 2019 ഡിസംബർ 17ന് ആവശ്യപ്പെട്ടിരുന്നു.
സ്വന്തം ചെലവിൽ ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും സ്വർണം പൂശാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഉണ്ണികൃഷ്ണൻ പോറ്റി അനുമതി തേടിയത്. 42.8 കിലോഗ്രാം ഭാരമുള്ള വസ്തുക്കൾ പോറ്റിയുടെ കമ്പനിയായ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് ദേവസ്വം ബോർഡ് കൈമാറുകയും ചെയ്തു. എന്നാൽ സ്വർണം പൊതിഞ്ഞ ചെമ്പ് തകിടുകൾ തിരികെ ക്ഷേത്രത്തിലെത്തിയപ്പോൾ 38.258 കിലോഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്.
പിന്നാലെ ക്ഷേത്രത്തിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ പാളികൾ ഉടൻ തിരികെ എത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാത്രമല്ല ദേവസ്വം മാനുവൽ ലംഘിച്ചതിനും കോടതി നിയമിച്ച ശബരിമല സ്പെഷ്യൽ കമ്മീഷണറെ ഇക്കാര്യം അറിയിക്കാതിരുന്നതിനും ദേവസ്വം ബോർഡിനെ കോടതി വിമർശിക്കുകയും ചെയ്തതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.