കെ.ബി. ഗണേഷ് കുമാർ, ജി. സുകുമാരൻ നായര്‍ Source; ഫയൽ ചിത്രം
KERALA

"ഏകാധിപതികൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല"; ജി. സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് കെ.ബി. ഗണേഷ് കുമാർ

"സോഡാ കുപ്പിയിൽ ഗോലി ഇട്ടാൽ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ പറ്റൂ എന്ന് പണ്ട് പറയും"

Author : ന്യൂസ് ഡെസ്ക്

നായര്‍ സര്‍വീസ് സൊസൈറ്റി നേതൃത്വത്തെയും, സംഘടനയിലെ ഏകാധിപത്യ പ്രവണതകളെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കെ.ബി. ഗണേഷ് കുമാര്‍. ഏകാധിപത്യ പ്രവണത പാടില്ല. സത്യത്തിനെതിരെ നില്‍ക്കുന്നവര്‍ക്ക് നിലനില്‍പ്പില്ല. ഓരോ തകര്‍ച്ചയും പുതിയ തുടക്കമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, "അതൊക്കെ താനേ വരും. ഏകാധിപത്യം തകരും. സോഡാ കുപ്പിയിൽ ഗോലി ഇട്ടാൽ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ പറ്റൂ എന്ന് പണ്ട് പറയും" -എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയതില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ്. തന്നെ ഒഴിവാക്കിയത് താൽകാലിക പ്രതിഭാസം മാത്രമാണ്. നന്ദികേടിന് വലിയ ശിക്ഷ കാലം നൽകും. നികൃഷ്ടമായി പെരുമാറിയാൽ മാപ്പില്ല. ആര്‍. ബാലകൃഷ്ണ പിള്ളയുടെയും തന്റെയും തണലില്‍ നിന്നവരാണ് ഇന്ന് എന്‍എസ്എസ് നേതൃത്വത്തിലുള്ളത്. അവരാണ് തനിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഡൽഹി നായർ എന്നോ കൽക്കട്ട നായർ എന്നോ ഇല്ല. നായർമാർ എല്ലായിടത്തും ഒന്നാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശൻ എൻഎസ്എസിനെയോ ഏതെങ്കിലും സമുദായത്തെയോ ആക്ഷേപിച്ചതായി അറിയില്ല. വ്യക്തിപരമായി അറിയാവുന്ന ആള്‍ കൂടിയാണ് അദ്ദേഹം. അത്തരം വിമർശനം ശരിയല്ല. സുരേഷ് ഗോപിയെയും വിരട്ടാന്‍ നോക്കേണ്ടെന്നും അഭിപ്രായപ്പെട്ട ഗണേഷ് കുമാര്‍ കലിയുഗത്തലാണ് നമ്മൾ ജീവിക്കുന്നതെന്നും കൂടി ഓര്‍മിപ്പിച്ചു.

SCROLL FOR NEXT