തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വി.ഡി. സതീശനെ കാണാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കന്റോൺമെന്റ് ഹൗസിൽ എത്തിയെങ്കിലും പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ക്ഷണക്കത്ത് നൽകി പി.എസ്. പ്രശാന്ത് മടങ്ങി.
സംഘപരിവാറിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഭൂരിപക്ഷ വർഗീയത വളർത്താനുമാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് നേരത്തെ പ്രതിപക്ഷ നേതാവ് ആരോപിച്ചത്. സംഘാടക സമിതിയിൽ തൻ്റെ പേരും വച്ചിട്ടുണ്ടെന്നും എന്നാല്‍ അത് അനുവാദമില്ലാതെയാണെന്നും തങ്ങള്‍ പരിപാടിയുമായി സഹകരിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. ശബരിമല പ്രക്ഷോഭ കാലത്ത് സമരം ചെയ്ത വിശ്വാസികൾക്കെതിരായ കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞ സർക്കാർ വാക്കുപാലിച്ചിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിനെ പിന്തുണച്ച് പന്തളം കൊട്ടാരം രംഗത്തെത്തി. കൊട്ടാര നിർവാഹക സംഘം ഔദ്യോഗിക വിഭാഗം ഒപ്പമുണ്ടെന്നും ഇപ്പോൾ അതൃപ്തി ഉന്നയിച്ചവരുമായി ചർച്ച നടത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡൻ്റും മെമ്പർമാരുമാണ് കൊട്ടാര നിർവാഹക സംഘവുമായി കൂടിക്കാഴ്ച നടത്തുക. നാളെ പന്തളത്താണ് കൂടിക്കാഴ്ച. കൊട്ടാര നിർവാഹക സംഘത്തിന് ഉണ്ടായ ആശയക്കുഴപ്പങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് 3000 പ്രതിനിധികളെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 16 നും 21 നും ഇടയിലാണ് പരിപാടി സംഘടിപ്പിക്കുക.