തിരുവനന്തപുരം: സർവകലാശാല ബില്ലുകൾ എന്തുകൊണ്ടാണ് ഗവർണർ ഒപ്പിടാതെ പ്രസിഡൻ്റിന് അയച്ചതെന്ന് അറിയില്ലെന്ന് മന്ത്രി ആർ. ബിന്ദു. ഒരു വിശദീകരണവും നൽകാതെയാണ് ബില്ല് അയച്ചതെന്നും, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാറ്റി നൽകാമെന്ന് ഗവർണറെ അറിയിച്ചിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
ബില്ലിൽ എന്താണ് സംശയമെന്നും മന്ത്രി ചോദിച്ചു. "വിയോജിപ്പ് ഉണ്ടെങ്കിൽ മാറ്റാൻ തയ്യാറാണെന്ന് അറിയിച്ചതാണ്. എന്നിട്ടും ഏകപക്ഷീയ സമീപനമാണ് ഗവർണർ എടുത്തത്. ബില്ല് അവതരിപ്പിക്കുക സർക്കാരിൻ്റെ കടമയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ച തടയുകയാണ് ലക്ഷ്യമെങ്കിൽ പുതിയ ബില്ലും തടഞ്ഞേക്കും. എന്നാലും സർക്കാർ ചെയ്യേണ്ടത് ചെയ്യണം. ബില്ല് അവതരിപ്പിക്കുക കടമയാണ്," മന്ത്രി ആർ. ബിന്ദു വിശദീകരിച്ചു.
"പല സന്ദർഭങ്ങളിലും ചാൻസിലറുടെ കൂടി ഇടപെടലുകളാൽ സർവകലാശാലകളിൽ കലുഷിത സാഹചര്യമാണ്. ഇത് ആശങ്ക ഉണ്ടാക്കുന്നു. കേരള സർവകലാശാല വി.സി ഹൈക്കോടതി വിധി പോലും ലംഘിച്ച് കൊണ്ടാണ് സിൻഡിക്കേറ്റ് വിളിക്കാതിരുന്നത്. അത്ര വലിയ കുറ്റമാണോ രജിസ്ട്രാർ ചെയ്തത്," മന്ത്രി ചോദിച്ചു.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ രാജൻ ഗുരുക്കൾ വിസിക്കാണ് അധികാരം എന്നു പറഞ്ഞതിലും ഉന്നത വിഭ്യാഭ്യാസ മന്ത്രി മറുപടി നൽകി. സർവകലാശാലകളിൽ സിൻഡിക്കേറ്റിന് തന്നെയാണ് അധികാരമെന്നും സർവകലാശാല ചട്ടം പറയുന്നതാണ് സർക്കാർ പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു. "അദ്ദേഹത്തിൻ്റെ അനുഭവത്തിൽ നിന്നാകും അങ്ങനെ പറഞ്ഞത്. ചില സന്ദർഭങ്ങളിൽ പഴയ ചില അനുഭവങ്ങളുടെ ഹാങ്ങോവർ ഉണ്ടാകും. അദ്ദേഹവും അധികാരത്തിൻ്റെ ഭാഗമായിരുന്നല്ലോ. അധികാരം എന്നു പറയുന്നത് ഒരു പ്രത്യേക സംഭവമാണ്. അത് നമ്മളെ ബാധിക്കാതിരിക്കണം," മന്ത്രി ആർ. ബിന്ദു പറഞ്ഞു.