KERALA

കെടിയു ഡിജിറ്റൽ വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; സര്‍ക്കാരിന് അധികാരമില്ലെന്ന് പറയുന്നത് മൂഢത്വമെന്ന് ആര്‍. ബിന്ദു

മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് ഡിജിറ്റൽ സർവകലാശാല രൂപീകൃതമായതെന്നും ആര്‍. ബിന്ദു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെടിയു ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സർക്കാരുമായി പോര് കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു. ചാൻസിലർക്കാണ് സേർച്ച് കമ്മിറ്റി പേരുകൾ നൽകേണ്ടത്. യുജിസി പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽ വേണമെന്നുമാണ് ഗവർണറുടെ ആവശ്യം.

എന്നാൽ സംസ്ഥാന സർക്കാരിന് ഡിജിറ്റൽ സർവകലാശാലയിൽ അധികാരമില്ല എന്ന് പറയുന്നത് മൂഡത്വമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. ജനാധിപത്യ മര്യാദകളെ ലംഘിക്കുന്ന സമീപനമാണ് ഗവർണറുടെ ഭാഗത്തുനിന്നും കണ്ടുവരുന്നത്. കൈകോർത്ത് പിടിച്ചു മുന്നോട്ടു പോകേണ്ടതിനുപകരം കാലുഷ്യങ്ങൾ സൃഷ്ടിക്കുന്ന നടപടികളിൽ നിന്നും പിന്തിരിയണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് ഡിജിറ്റൽ സർവകലാശാല രൂപീകൃതമായത്. ഡിജിറ്റൽ സർവകലാശാലയും ഡിജിറ്റൽ പാർക്കും മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണം കൊണ്ട് മാത്രമാണ് കേരളത്തിൽ ഉണ്ടായത്. പൊതു സർവകലാശാലകൾക്ക് വേണ്ടിവരുന്ന എല്ലാ പിന്തുണയും നൽകുന്നത് സംസ്ഥാന സർക്കാരാണ്. കേരള നിയമസഭയിൽ രൂപീകൃതമാകുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സർവകലാശാലകൾ നിലവിൽ വരുന്നത്, മന്ത്രി ബിന്ദു.

തർക്കം നിലനിൽക്കെ അത് കൃത്യമായി പരിഹരിക്കാനുള്ള ഫോർമുലയാണ് സുപ്രീം കോടതി മുന്നോട്ടുവച്ചത്. അത് സ്വീകരിച്ച് പ്രശ്നപരിഹാരത്തിന് നീക്കം നടത്തേണ്ടതിന് പകരം വീണ്ടും ഗവർണർ കോടതിയെ സമീപിച്ചത് ഖേദകരമാണ്. സംസ്ഥാന സർക്കാർ പരമാവധി അനുരഞ്ജനത്തിന്റെ ഭാഷയിൽ സംസാരിക്കുന്നു. പലതവണ ചാൻസലറുമായി ചർച്ചകൾ നടത്തി. വലിയ പരിശ്രമം സമവായത്തിനു ഉണ്ടായി. അത് അവഗണിക്കുന്നതാണ് ഗവർണറുടെ നിലപാട്. സംസ്ഥാന സർക്കാരിനെ പാടെ ഒഴിവാക്കുക എന്നത് ശരിയല്ലെന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

SCROLL FOR NEXT