വീണാ ജോർജ്, ആരോഗ്യമന്ത്രി  Source: News Malayalam 24x7
KERALA

നടക്കുന്നത് പൊളിറ്റിക്കൽ ഗെയിം, സർക്കാർ ആശുപത്രികളേയും സംവിധാനങ്ങളേയും തകർക്കാൻ ആസൂത്രിതശ്രമം: വീണാ ജോർജ്

മുൻപ് 30% ജനങ്ങളാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നുണ്ടായത്. എന്നാൽ ഇന്നത്തെ സ്ഥിതി മാറിയെന്ന് മന്ത്രി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുമായും ആരോഗ്യ സംവിധാനവുമായും ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് പൊളിറ്റിക്കല്‍ ഗെയിം ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. അത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഡോ. ഹാരിസ് ഉയര്‍ത്തിയത് ഒരിടത്തെ പ്രശ്നം മാത്രമാണ്. എന്നാല്‍, എല്ലായിടത്തും പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കുന്നു. ഹാരിസ് ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കുന്നതിന് അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ന്യൂസ് മലയാളം ചാനലില്‍ ലീഡേഴ്സ് മോണിങ്ങില്‍ അതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.

മുൻപ് 30% ജനങ്ങളാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നുണ്ടായത്. എന്നാൽ ഇന്നത്തെ സ്ഥിതി മാറി. ഇന്ന് അറുപതു ശതമാനത്തിലേക്ക് എത്തി. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയാണ് ഇൻഷുറൻസ് നൽകുന്നത്. മുൻപ് അത് 30,000 രൂപയായിരുന്നു എന്നും മന്ത്രി പറഞ്ഞു.

ഹാരിസ് രോഗികളുടെ വിഷമങ്ങൾ മനസ്സിലാക്കുന്ന ഡോക്ടറാണ്. ഡോക്ടർ ഹാരിസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചത് സർക്കാരാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും രണ്ടുവർഷം മുമ്പാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ഡോക്ടർ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണ സമിതി നിയോഗിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ ഉള്ളടക്കം മുഴുവൻ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

"വ്യത്യസ്തമായ രാഷ്ട്രീയ ചിന്താഗതിയിൽ ഉള്ളവർ ഉണ്ടാകും. ഡോക്ടർ ഹാരിസിൻ്റെ രാഷ്ട്രീയം ഏതാണെന്ന് എനിക്കറിയില്ല. അത് പരിശോധിച്ചിട്ടുമില്ല. എല്ലാ ആരോഗ്യ പ്രവർത്തകരും എല്ലാവരും ഒരുപോലെയാണ്. വിദഗ്ധസമിതിയുടെ റിപ്പോർട്ടിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. റിപ്പോർട്ട് വന്നതിനുശേഷം പൂർണമായും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ മാസവും എച്ച്ഒഡി മീറ്റിങ് നടത്തുന്ന മെഡിക്കൽ കോളേജ് ആണ് തിരുവനന്തപുരത്തേത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനാണ് ഏറ്റവും കൂടുതൽ തുക ചെലവഴിക്കപ്പെട്ടത്. മെഡിക്കൽ കോളേജ് അക്കാദമികപരമായി ഒരുപാട് മുന്നോട്ടു വന്നിട്ടുണ്ട്. ചില മാധ്യമങ്ങൾ ആരോഗ്യമേഖല ഇങ്ങനൊക്കെയാണെന്ന് വരുത്താൻ ബോധപൂർവ്വമായ ശ്രമം നടത്തുന്നു.

ഒരുപാട് മനുഷ്യർക്ക് താങ്ങാണ് സർക്കാർ ആശുപത്രികൾ. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ദയവായി നടത്തരുത് എന്ന് മന്ത്രി പറഞ്ഞു. എന്നെ നിരന്തരം ആക്രമിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിൻ്റെ എഡിറ്ററോട് ഞാൻ ചോദിച്ചു എന്തിനാ ഇങ്ങനെ ആക്രമിക്കുന്നതെന്ന്. അപ്പോൾ വീണ ഞങ്ങളുടെ നയമാണ് എന്നായിരുന്നു മറുപടി കിട്ടിയത്. സിപിഐഎം സ്ഥാനാർഥിയായി ഞാൻ വന്നത് മുതൽ എന്നെ ശത്രുവായാണ് കാണുന്നത്. എന്നാൽ ശത്രുക്കൾ നമ്മളെ കരുത്തരാക്കുമെന്നും വീണാ ജോർജ് ഓർമപ്പെടുത്തി.

ആരോഗ്യരംഗത്ത് ഫയൽ അദാലത്തുകൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ആഴ്ചയും ഫയലുകൾ തീർപ്പാക്കാൻ ഞാൻ ഉൾപ്പെടെയാണ് അദാലത്ത് നടത്തുന്നത്. യുഡിഎഫ് ഭരണകാലത്തെ ഫയലുകൾ ഉൾപ്പെടെ ഇന്നെൻ്റെ മുന്നിൽ വന്നിട്ടുണ്ട്. സർക്കാറിൻ്റെ മുന്നിൽ ഫയൽ കെട്ടിക്കിടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കേസിൽ സമഗ്ര അന്വേഷണം നടത്തി. എല്ലാവിധ റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്. യുപിഎസിലെ ബാറ്ററിയുടെ പ്രശ്നമാണ് എന്നാണ് കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ഉടൻ തന്നെ പ്രവർത്തനസജ്ജമാക്കുമെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് മെഡിക്കൽ സീറ്റുകളുടെ എണ്ണം 49 നിന്നും 1300 ആയി വർധിപ്പിക്കാൻ സാധിച്ചു. രണ്ടു മെഡിക്കൽ കോളേജുകൾ തുടങ്ങാൻ സാധിച്ചു. പത്തനംതിട്ടയിൽ നേഴ്സിങ് കോളേജ് തുടങ്ങിയപ്പോൾ ഒരു വാർത്തയുമില്ലെന്നും മന്ത്രി വിമർശിച്ചു.

ആരോഗ്യമന്ത്രിയെ പിന്തുണച്ച് കൊണ്ട് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. വീണാ ജോർജ് നല്ല മന്ത്രിയാണ്. എന്നാൽ കോൺഗ്രസ് പറയുന്നു മന്ത്രി രാജിവെക്കണമെന്ന്. കോൺഗ്രസ് പറയുമ്പോൾ രാജിവെയ്ക്കാനാണോ മന്ത്രിയാക്കിയതെന്നും സജി ചെറിയാൻ ചോദിച്ചു. ഇരിക്കുന്ന സ്ഥാനത്തിന്ന് യോജിച്ച പ്രവൃത്തിയല്ല ഡോക്ടർ ചെയ്തത്. എന്നാൽ അത് അദ്ദേഹം തിരുത്തി, അത് നല്ലതാണ്. ഇന്നലെ കോൺഗ്രസ് മെഡിക്കൽ കോളേജിന് മുന്നിൽ ധർണ നടത്തി. സർക്കാരിനെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിലെ പ്രശ്നങ്ങൾ വാർത്തയാകുന്നില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

SCROLL FOR NEXT