എസ്എംഎ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു 
KERALA

മരുന്നിൻ്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രോഗബാധിതനായ കുഞ്ഞിൻ്റെ അമ്മ പരാതി നൽകിയിരുന്നു; എസ്എംഎ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു

മരുന്ന് പരിശോധിക്കണമെന്ന് പരാതി ലഭിച്ചതോടെ മരുന്ന് മാറ്റാൻ തീരുമാനിച്ചതും ഓർഡർ നൽകിയതുമെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗികൾക്കുള്ള ജീവൻരക്ഷാ മരുന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ആശങ്കയോ പരാതിയോ ഇല്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്ത്യൻ കമ്പനിയുടെ വില കുറഞ്ഞ ജനറിക് മരുന്ന് നൽകാൻ സർക്കാർ തീരുമാനിച്ചതിനെതിരെ രോഗബാധിതനായ മൂന്ന് വയസുകാരൻ്റെ അമ്മ ആരോഗ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയുടെ പകർപ്പാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്.

മരുന്ന് മാറ്റുന്നതിനുള്ള ഉത്തരവ് ഇറങ്ങുന്നതിനും കരാറിലേർപ്പെടുന്നതിനും മുൻപ് തന്നെ രക്ഷിതാക്കൾ തങ്ങളുടെ ആശങ്കകളും അപേക്ഷകളും കത്ത് രൂപത്തിൽ മന്ത്രിക്ക് കൈമാറിയിരുന്നു എന്ന് ഇതോടെ വ്യക്തമായി. പുതിയ ജനറിക്ക് മരുന്നിനെ കുറിച്ചുള്ള ആശങ്ക മാറ്റണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾ .

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വിതരണം ചെയ്ത പുതിയ മരുന്നിൻ്റെ കുപ്പികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് മാത്രം എന്നും രേഖപ്പെടുത്തിയിരുന്നതാണ് മാതാപിതാക്കളെ വലിയ ആശങ്കയിലാക്കിയത്. തങ്ങളുടെ കുഞ്ഞുങ്ങളെ മരുന്ന് പരീക്ഷണത്തിന് ഇരയാക്കുകയാണോ എന്ന ഭയം ഇവരിലുണ്ടായി.

വിലകൂടിയ വിദേശ മരുന്ന് കഴിച്ചതിലൂടെ കുട്ടികളുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി ഉണ്ടായിരുന്നു. ശാസ്ത്രീയ പഠനങ്ങൾ പൂർത്തിയാകാത്ത പുതിയ ജനറിക് മരുന്നിലേക്ക് പെട്ടെന്ന് മാറുമ്പോൾ കുട്ടികളുടെ അവസ്ഥ വീണ്ടും മോശമാകുമോ എന്നാണ് രക്ഷിതാക്കളുടെ പ്രധാന ആശങ്ക. പുതിയ ജനറിക് മരുന്നിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും മരുന്ന് മാറ്റരുതെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു മന്ത്രി കെ. മുരളീധരൻ്റെ വാദം.

SCROLL FOR NEXT