Source: Facebook/ Hibi Eden
KERALA

വേടനൊപ്പം നിന്ന് അഭിനന്ദിച്ച് ഹെബി ഈഡന്‍ എംപി; പിന്നാലെ സൈബര്‍ ആക്രമണം

വേടനൊപ്പം തോളിൽ കയ്യിട്ട് നിൽക്കുന്ന ചിത്രവും ഹൈബി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരം നേടിയ വേടനെ അഭിനന്ദിച്ച് രംഗത്തെത്തിയ ഹൈബി ഈഡൻ എംപിക്ക് നേരെ സൈബർ ആക്രമണം. അർഹതപ്പെട്ട പുരസ്കാരമെന്നും അഭിനന്ദനങ്ങൾ എന്നുമാണ് ഹൈബിയുടെ അഭിനന്ദനം. വേടനൊപ്പം തോളിൽ കയ്യിട്ട് നിൽക്കുന്ന ചിത്രവും ഹൈബി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

എന്നാൽ, കോൺഗ്രസ് എംപിയുടെ പോസ്റ്റിന് താഴെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. "പെണ്ണ്, കഞ്ചാവ്, എംഡിഎംഎ കേസിൽപ്പെട്ട ഇവനെയൊക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ജനപ്രതിനിധി നാടിന് അപമാനമാണ്," എന്നാണ് പ്രധാന വിമർശനം. "നിങ്ങൾക്ക് നാണമില്ലേ ഹൈബി ഇത് പറയാൻ. അർഹതപ്പെട്ട പുരസ്കാരമെന്ന് പോലും ന്ന്.... കഷ്ടം," മറ്റൊരാൾ പോസ്റ്റിന് താഴെ കുറിച്ചു.

"ആസ്ഥാന കവിയെ കോൺഗ്രസുകാർ ഏറ്റെടുക്കണം," എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. "സഖാക്കളും കോൺഗ്രസും പെണ്ണ് കേസ്സിലെ പ്രതിക്ക് വേണ്ടി മത്സരമാണ്, നാണമില്ലാത്ത എംപി," "പെണ്ണ് കേസിൽ പെട്ടവനോടൊപ്പം പെണ്ണ് കേസിൽ പെട്ട വേറൊരുവൻ," എന്നിങ്ങനെ പോകുന്നു നിരവധി പരിഹാസ കമൻ്റുകൾ.

വേടന് അവാർഡ് നൽകിയ ഭരണപക്ഷത്തിനും ജൂറിക്കുമെതിരെയും ഈ പോസ്റ്റിന് താഴെ വിമർശനം ഉയരുന്നുണ്ട്. "ഭരണപക്ഷത്തിനോ ജൂറിക്കോ ബോധമില്ല. ഞാൻ ജൂറി മെമ്പേഴ്‌സിനെ നോക്കിയപ്പോൾ ഞെട്ടിപ്പോയി! പ്രകാശ് രാജ്, രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്... ഇവർക്കൊക്കെ ഇത്രേം വെളിവുള്ളോ എന്നോർത്തു പോയി. നല്ല വരികൾ ഇല്ലെങ്കിൽ അവാർഡ് കൊടുക്കേണ്ട എന്ന് തീരുമാനിക്കണം. അല്ലാതെ ഇമ്മാതിരി പ്രഹസനം കാണിക്കരുതായിരുന്നു. നാടകമേ ഉലകം," മറ്റൊരാൾ കമൻ്റിട്ടു.

SCROLL FOR NEXT