എംഎസ്‌സി കപ്പലിലെ ജീവനക്കാർക്ക് സ്വദേശത്തേക്ക് മടങ്ങാം 
KERALA

എംഎസ്‌സി കപ്പലിലെ ജീവനക്കാർക്ക് സ്വദേശത്തേക്ക് മടങ്ങാം; അനുമതി നൽകി ഹൈക്കോടതി

റഷ്യ, യുക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് എന്നി രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലെ ജീവനക്കാർ.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കേരളാ തീരത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ ജീവനക്കാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഹൈക്കോടതിയുടെ അനുമതി. കപ്പലിൻ്റെ ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടർ അടക്കമുള്ളവർക്കാണ് അനുമതി.

സ്വന്തം നാട്ടിലേക്ക് മടങ്ങാൻ പാസ്പോർട്ട് അടക്കം മടക്കി നൽകാനാണ് ഹൈക്കോടതിയുടെ നിർദേശം. റഷ്യ, യുക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് തങ്ങളെ ഒരു വർഷമായി നിയമ വിരുദ്ധമായി തടഞ്ഞു വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

കഴിഞ്ഞ വർഷം മെയ് 25 നാണ് അറബിക്കടലിൽ കേരളാ തീരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയത്. കപ്പലില്‍ പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 61 കണ്ടൈയ്നറുകളും അതിൻ്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞിരുന്നു. തുടർന്ന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തീരത്തടിഞ്ഞ 59.6 മെട്രിക് ടണ്‍ മാലിന്യം നീക്കം ചെയ്തത്. തുടർന്ന് എൽസ 3 കപ്പൽ അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

SCROLL FOR NEXT