പുതിയ പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടിലെ മലയോര ജനത  
KERALA

അടിസ്ഥാന സൗകര്യ വികസനത്തിന് നിയന്ത്രണം വന്നേക്കും; പുതിയ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടിലെ മലയോര ജനത

ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പ്ലാന്റേഷനുകളും ഉൾപ്പെടുത്തിയുള്ള വിജ്ഞാപനത്തിനെതിരെ ജില്ലയിലെ 13 വില്ലേജുകളിൽ പ്രതിഷേധം ശക്തമാണ് .

Author : ന്യൂസ് ഡെസ്ക്

വയനാട്: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനം വയനാട്ടിലെ മലയോര മേഖലകളെ വീണ്ടും കടുത്ത ആശങ്കയിലാഴ്ത്തുകയാണ്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പ്ലാൻ്റേഷനുകളും ഉൾപ്പെടുത്തിയുള്ള വിജ്ഞാപനത്തിനെതിരെ ജില്ലയിലെ 13 വില്ലേജുകളിൽ പ്രതിഷേധം ശക്തമാണ്.

കരട് വിജ്ഞാപനത്തിൽ പരാതികൾ അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. മാനന്തവാടി, വൈത്തിരി താലൂക്കുകളിലായി 13 വില്ലേജുകളാണ് നിലവിൽ കരട് വിജ്ഞാപനത്തിൻ്റെ പരിധിയിൽ വരുന്നത്. തലമുറകളായി കഠിനാധ്വാനം ചെയ്ത് മണ്ണ് പൊന്നാക്കിയ കർഷകരാണ് ഈ പട്ടിക പുറത്തുവന്നതോടെ തങ്ങളുടെ ഭാവി എന്താകുമെന്നറിയാതെ ആശങ്കപ്പെടുന്നത്.

രാസവള പ്രയോഗത്തിനും കീടനാശിനികൾക്കും നിയന്ത്രണങ്ങൾ വന്നേക്കുമെന്ന വാർത്തകൾ കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. പ്രധാന ഉപജീവനമാർഗമായ കൃഷി തകർന്നാൽ എങ്ങോട്ട് പോകുമെന്നാണ് അവരുടെ ചോദ്യം. പ്രഖ്യാപനം വരുന്നതോടെ ഭൂമിയുടെ മൂല്യം ഇടിയുകയും, ബാങ്കുകൾ വായ്പ നൽകാൻ വിസമ്മതിക്കുകയും ചെയ്യും. ഇത് സാധാരണക്കാരുടെ സാമ്പത്തിക അടിത്തറ തകർക്കും.

വീട് നിർമാണം, റോഡുകളുടെ അറ്റകുറ്റപ്പണികൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ വരുന്നത് മലയോര മേഖലയെ പൂർണമായും ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടാക്കുക. ഇതിനെതിരെ കർഷക സംഘടനകളും സാമൂഹിക-മത സംഘടനകളും ജനങ്ങളെ അണിനിരത്തി വൻ പ്രതിഷേധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കണം എന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

SCROLL FOR NEXT