മഞ്ജു വാര്യര്‍, വി.എസ് അച്യുതാനന്ദന്‍ Source: News Malayalam 24X7
KERALA

മഞ്ജു വാര്യര്‍ പറഞ്ഞ വി.എസിന്റെ മുറിവ്; ഒരു സമര നൂറ്റാണ്ടിലെ 'രണ്ടാം ജന്മം'

കോലപ്പന്‍ അന്ന് പൊലീസിനെ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍, 23-ാം വയസില്‍ പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റുകാരന്‍ മാത്രമായി വി.എസ് മാറുമായിരുന്നു.

Author : എസ് ഷാനവാസ്

വി.എസ്. അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.

(നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്)

പൊലീസുകാര്‍ ചവിട്ടിക്കൂട്ടിയൊരു ശരീരമായിരുന്നു വി.എസ്. അച്യുതാനന്ദന്റേത്. സമാനതകളില്ലാത്ത പീഡനമേറ്റപ്പോഴും, പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഒറ്റിക്കൊടുക്കാന്‍ വി.എസ്. തയ്യാറായിരുന്നില്ല. അതില്‍ വിറകൊണ്ട കാക്കിധാരികള്‍ ആ ശരീരമാകെ തല്ലിച്ചതച്ചു. തോക്കിന്റെ ബയണറ്റ് വലതുകാൽവെള്ളയില്‍ കുത്തിയിറക്കി. മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിലെവിടെയെങ്കിലും എറിഞ്ഞുകളയാന്‍ തീരുമാനിച്ചു. അന്ന് ഒരു മോഷ്ടാവിന്റെ ഇടപെടലാണ് വി.എസിന് പുതുജന്മം സമ്മാനിച്ചത്.

വര്‍ഷം 1946. ജന്മിമാരുടെ ചൂഷണങ്ങളില്‍പ്പെട്ട് കുടിയാന്മാരായ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതം ദുസഹമായ കാലം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരുകൂട്ടം ജന്മിമാര്‍ ഭൂമി കൈവശപ്പെടുത്തിയ നാളില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയനുകളുണ്ടാക്കി. തൊഴിലാളികള്‍ ഒന്നുചേര്‍ന്ന് ശബ്ദമുയര്‍ത്തിയിട്ടും ജന്മിമാര്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. അങ്ങനെ ജന്മിമാര്‍ക്കും അവരെ സംരക്ഷിക്കുന്ന രാജഭരണത്തിനുമെതിരെ പ്രക്ഷോഭത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനമെടുത്തു. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന്റെ പിറന്നാള്‍ ദിനത്തില്‍, അമ്പലപ്പുഴ-ചേർത്തല താലൂക്കുകളിലെ പൊലീസ് ‌സ്റ്റേഷനിലേക്ക് പ്രകടനം നടത്താനായിരുന്നു തീരുമാനം.

പൊലീസ് സ്റ്റേഷന്‍ പ്രകടനത്തിന് മുന്നോടിയായി വളന്റിയര്‍മാര്‍ക്കായി ക്യാംപുകള്‍ സംഘടിപ്പിച്ചു. ക്യാംപുകളിലൊന്ന് വേലിക്കകത്ത് വീട്ടിലായിരുന്നു. തോക്കേന്തിയ പൊലീസിനെ നാടന്‍ ആയുധങ്ങളും വാരിക്കുന്തവും അലകുവാരിയും (വാരി ചെത്തിക്കൂര്‍പ്പിച്ച് കത്തി പോലെ ആക്കിയത്) വടിയും ഉപയോഗിച്ച് നേരിടാനുള്ള ഒരുക്കമാണ് അവിടെ നടന്നത്. ക്യാംപുകളില്‍ രാഷ്ട്രീയ വിശദീകരണം നടത്തേണ്ട ചുമതല വി.എസിനായിരുന്നു. സര്‍വസജ്ജരായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനത്തിന് തയ്യാറെടുത്തു. എന്നാല്‍, ആലിശേരി മൈതാനത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നതിനാല്‍ വി.എസിനെ പ്രവര്‍ത്തകര്‍ മാറ്റിനിര്‍ത്തി. തുടക്കത്തില്‍ തന്നെ വി.എസിനെ അറസ്റ്റ് ചെയ്താല്‍, പ്രകടനം സാധ്യമാകില്ലെന്ന് കണക്കുക്കൂട്ടിയായിരുന്നു അത്തരമൊരു തീരുമാനം.

വി.എസിനെ മറ്റൊരു വീട്ടില്‍ ഒളിപ്പിച്ചശേഷം പ്രവര്‍ത്തകര്‍ പ്രകടനത്തിന് തയ്യാറെടുത്തു. വാരിക്കുന്തവും വടികളുമൊക്കെയായി സംഘം പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങി. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായാണ് പ്രവര്‍ത്തകര്‍ മുന്നോട്ടുപോയത്. പൊലീസും അങ്ങനെ തന്നെയായിരുന്നു. എസ്.ഐ. വേലായുധന്‍ നാടാരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്റ്റേഷനു മുന്നില്‍ തയ്യാറെടുത്തു. പ്രകടനം അടുത്തെത്തിയപ്പോഴേക്കും, എസ്‍.ഐ. നാടാര്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടു. പത്ത് -പന്ത്രണ്ട് പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചുവീണു. അതിനിടെ മുന്നോട്ടു കുതിച്ച പ്രവര്‍ത്തകര്‍ എസ്.ഐ. നാടാരെ അലകുവാരി കൊണ്ട് കുത്തിവീഴ്ത്തി. വെട്ടുകത്തി കൊണ്ട് ഏതാനും പൊലീസുകാരെയും വെട്ടി. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെത്തുടര്‍ന്ന് ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുന്നപ്രയിലേക്ക് പട്ടാളം മാര്‍ച്ചും നടത്തി.

മാറിയ സാഹചര്യം കണക്കിലെടുത്ത് വി.എസ് ഉള്‍പ്പെടെ നേതാക്കളെ ഒളിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. വി.എസിനെ 20 പേര്‍ തുഴയുന്ന വലിയ ചുണ്ടന്‍ വള്ളത്തില്‍ കയറ്റി കോട്ടയത്ത്, പൂഞ്ഞാറില്‍ എത്തിച്ചു. അവിടെ ഒരു ബീഡിത്തൊഴിലാളിയുടെ വീട്ടിലായിരുന്നു താമസം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുന്നപ്രയും വയലാറും മാരാരിക്കുളവും പരിസരങ്ങളുമൊക്കെ സംഘര്‍ഷഭരിതമായി കഴിഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളി നേതാക്കളുമൊക്കെ സമരം തുടര്‍ന്നു. പുന്നപ്ര-വയലാര്‍ വെടിവെപ്പിന്റെ പിറ്റേദിവസം വി.എസ്. ഒളിവില്‍ കഴിഞ്ഞ വീട്ടിലേക്ക് പൊലീസ് സംഘം ഇരച്ചെത്തി. സമരങ്ങളുടെ സൂത്രധാരനായിക്കണ്ട് വിഎസിനെ പിടികൂടി ഈരാറ്റുപേട്ട പൊലീസ് ഔട്ട്‌പോസ്റ്റിലേക്കും പിന്നാലെ പാലാ സ്റ്റേഷനിലേക്കും കൊണ്ടുപോയി.

ഈരാറ്റുപേട്ട പൊലീസ് ഔട്ട്പോസ്റ്റില്‍ എത്തിച്ചപ്പോള്‍ മുതല്‍ മര്‍ദനം തുടങ്ങി. കുനിച്ചുനിര്‍ത്തി മുതുകിനിടിച്ചായിരുന്നു തുടക്കം. അത് പിന്നെ പല തരത്തില്‍ ആവര്‍ത്തിച്ചു. പാലായിലെ സ്റ്റേഷനിലെത്തിയപ്പോഴും അതിന് മാറ്റമൊന്നും ഉണ്ടായില്ല. കെ.വി. പത്രോസ്, പി. കൃഷ്ണപിള്ള, ഇ.എം.എസ്... എന്നിങ്ങനെ നേതാക്കള്‍ എവിടെയാണെന്ന് ചോദിച്ചായിരുന്നു മര്‍ദനമത്രയും. വി.എസ്. ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍ മര്‍ദനത്തിന്റെ കാഠിന്യമേറി. നടുവിനും വയറിനുമൊക്കെ ചവിട്ടേറ്റു. മൂത്രമൊഴിക്കാന്‍ പോലും പറ്റാതായി. അന്ന് അതേ സെല്ലിലുണ്ടായിരുന്ന കോലപ്പന്‍ എന്ന മോഷ്ടാവാണ് പൊലീസ് ഒഴിയുന്ന സമയങ്ങളില്‍ വി.എസിനെ ശുശ്രൂഷിച്ചിരുന്നത്. മര്‍ദനമേറ്റ ശരീരഭാഗങ്ങള്‍ തടവിയും വെള്ളമെടുത്തുകൊടുത്തും കോലപ്പന്‍ വി.എസിനൊപ്പം നിന്നു.

അതിനിടെ, ആലപ്പുഴയില്‍നിന്നെത്തിയ സിഐഡിമാരും പൊലീസും വി.എസിനെ ചോദ്യം ചെയ്തു, മര്‍ദിച്ചു. സെല്ലിന്റെ ഇരുമ്പുകമ്പികൾക്കിടയിലൂടെ രണ്ടും കാലും പുറത്തേക്ക് കടത്തി, കാൽപ്പത്തിയില്‍ ലാത്തികൊണ്ട് ആഞ്ഞടിച്ചു. കാല്‍ ഉള്ളിലേക്ക് വലിക്കാതിരിക്കാന്‍ കൂട്ടിക്കെട്ടിയിരുന്നു. കൊടിയ മര്‍ദനത്തില്‍ വി.എസിന്റെ ബോധം മറഞ്ഞു. അതിനിടെ പാലാ എസ്.ഐ. നാരായണ പിള്ളി വി.എസിന്റെ ഉള്ളംകാലിലേക്ക് തോക്കിന്റെ ബയണറ്റ് കുത്തിയിറക്കി. സെല്ലിലാകെ രക്തം നിറഞ്ഞു. അതോടെ വി.എസിന്റെ ബോധം പൂര്‍ണമായി മറഞ്ഞു. അനക്കമില്ലാതായപ്പോള്‍ മരിച്ചെന്ന് കരുതി ശരീരം കാട്ടില്‍ കളയാന്‍ പൊലീസ് തീരുമാനിച്ചു. കോലപ്പനെയും മറ്റൊരു മോഷ്ടാവിനെയും കൂട്ടി വി.എസിനെ ജീപ്പിലേക്ക് എടുത്തിട്ടു.

പാലായില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് പൊലീസ് യാത്ര തുടങ്ങി. കുറ്റിക്കാട്ടില്‍ എറിഞ്ഞശേഷം തിരിച്ചുപോകാനായിരുന്നു പദ്ധതി. എന്നാല്‍, വണ്ടിയുടെ ഇളക്കത്തിനിടെ വി.എസ്. ശ്വാസം വലിക്കുന്നുണ്ടെന്ന് കോലപ്പന്‍ തിരിച്ചറിഞ്ഞു. വിവരം പൊലീസിനോട് പറഞ്ഞു. പക്ഷേ, തീരുമാനം മാറ്റാന്‍ ആദ്യം പൊലീസ് തയ്യാറായില്ല. എന്നാല്‍ ജീവനുള്ള ശരീരം എറിഞ്ഞുകളയാന്‍ കഴിയില്ലെന്ന് കോലപ്പന്‍ പറഞ്ഞു. കരഞ്ഞും തൊഴുതുമൊക്കെ വി.എസിനെ ആശുപത്രിയിലെത്തിക്കാന്‍ കോലപ്പന്‍ പറഞ്ഞു. അതനുസരിച്ച് പൊലീസ് വി.എസിനെ പാലായിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പൊലീസിനെ കണക്കറ്റ് ശകാരിച്ച ഡോക്ടര്‍ വി.എസിന് ആവശ്യമായ ചികിത്സ നല്‍കി. ബയണറ്റ് കുത്തിയിറക്കിയ കാല്‍ നിലത്തുകുത്താന്‍ മാസങ്ങളോ വര്‍ഷമോ വേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍, കാല്‍ നിലത്ത് കുത്താമെന്നായി. വി.എസ്. വീണ്ടും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി.

മോഷ്ടാവായിരുന്ന കോലപ്പനിലൂടെയാണ് വി.എസ്. എന്ന നേതാവിന്റെ രണ്ടാം ജന്മത്തിന്റെ തുടക്കം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വനിരയിലേക്ക് വളര്‍ന്ന വി.എസ്. കേരളത്തിന് പ്രിയപ്പെട്ട നേതാവായി മാറി. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെയായി. കോലപ്പന്‍ അന്ന് പൊലീസിനെ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍, 23-ാം വയസില്‍ പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റുകാരന്‍ മാത്രമായി വി.എസ് മാറുമായിരുന്നു. പക്ഷേ, കാലം അതിന് അനുവദിച്ചില്ല. ബയണറ്റ് മുറിവേല്‍പ്പിച്ച കാല്‍പാദവുമായി പോരാട്ടങ്ങളിലേക്ക് ഇറങ്ങിനടന്ന്, സമര നൂറ്റാണ്ടിന്റെ ചരിത്രമെഴുതിയാണ് വി.എസ് മടങ്ങുന്നത്.

SCROLL FOR NEXT