മുഖ്യമന്ത്രി പിണറായി വിജയന്‍ Source: Facebook/ CMO Kerala
KERALA

മനുഷ്യ-വന്യജീവി സംഘര്‍ഷം; നിയമ നിര്‍മാണത്തിന് സർക്കാർ; കരട് ബില്‍ നിയമവകുപ്പിന്റെ പരിഗണനയില്‍

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിർമാണം നടത്താനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് സർക്കാർ. കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണ്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

മേപ്പാടി-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്താനന്തര ആവശ്യകതകള്‍ വിലയിരുത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത് പ്രകാരം മേപ്പാടിക്ക് 2221.10 കോടി രൂപയും കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് 98.10 കോടി രൂപയും അനുവദിക്കുന്നതിനായി ഒന്നിച്ച് നിലപാട് സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും ഒഴിവാക്കിയ 'സെക്ഷൻ 13' പുനഃസ്ഥാപിക്കുന്നതിന് കൂട്ടായ ഇടപെടൽ വേണം. വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങളിൽ പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് ലഘൂകരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമ ഭേദഗതി അടിയന്തരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അഭ്യർത്ഥിച്ചു.

ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) കേരളത്തിൽ അനുവദിക്കുന്നതിനുള്ള നടപടി, വയ വന്ദന യോജന പദ്ധതിയുടെ പ്രിമിയം തുക വർദ്ധനവ്, നാഷണൽ ഹെൽത്ത് മിഷൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കേണ്ട കുടിശ്ശിക ലഭ്യമാക്കൽ, ആശാ വർക്കർമാരെ ഹെൽത്ത് വർക്കർമാരാക്കണമെന്ന ആവശ്യം, ബ്രഹ്മോസ് പദ്ധതി സംസ്ഥാനത്ത് നിലനിർത്തുന്നത്, വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്ന് സർവ്വീസ് നടത്താനുള്ള 'പോയിൻ്റ് ഓഫ് കോൾ" ലഭ്യമാക്കൽ, സംസ്ഥാനത്തെ ദേശീയപാതാ വികസനം, ദേശീയ ജലപാത-3ന്റെ എക്സ്റ്റൻഷൻ ആയി പ്രഖ്യാപിച്ചിട്ടുള്ള കോട്ടപ്പുറം മുതൽ കോഴിക്കോട് വരെയുള്ള ജലപാത ദേശീയ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നത്, തീരദേശ സംരക്ഷണത്തിനായുള്ള കടൽഭിത്തി നിർമ്മാണം തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

നിലവിലെ പ്രശ്നങ്ങൾ സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാർലമെന്റംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എംപിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. നാടിന്റെ പൊതുവായ കാര്യങ്ങളിൽ യോജിച്ച് ഇടപെടണമെന്നും യോഗം അഭിപ്രായപ്പെട്ടു. കാർഷിക ഉൽപ്പനങ്ങൾ ഇറക്കുമതി ചെയ്യാൻ സഹായകമാകുന്ന അമേരിക്കയുമായി നടത്താൻ ഉദ്ദേശിക്കുന്ന കരാറിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയയ്ക്കണമെന്നും യോഗം തീരുമാനിച്ചു.

മന്ത്രിമാരായ പി. പ്രസാദ്, ജി.ആർ. അനിൽ, എ.കെ. ശശീന്ദ്രൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, കെ. കൃഷ്ണൻകുട്ടി, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു, എംപിമാരായ കെ, രാധാകൃഷ്ണൻ, ഇ.ടി. മുഹമ്മദ്‌ ബഷീർ, പി.പി. സുനീർ, വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, കൊടിക്കുന്നിൽ സുരേഷ്, രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ബെന്നി ബഹന്നാൻ, എം കെ രാഘവൻ, അടൂർ പ്രകാശ്, കെ. ഫ്രാൻസിസ് ജോർജ്, വി.കെ. ശ്രീകണ്ഠൻ, ഹാരിസ് ബീരാൻ, ഷാഫി പറമ്പിൽ എന്നിവർ യോഗത്തില്‍ സംസാരിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ, വകുപ്പ് സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

SCROLL FOR NEXT