
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ കുടുംബത്തെ അറിയിച്ചു. ബിന്ദുവിന്റെ വീട് സന്ദർശിച്ച മന്ത്രി അടിയന്തര ധനസഹായമായി 50,000 രൂപ കൈമാറി. ക്യാബിനറ്റ് തീരുമാനത്തിന് ശേഷം ബാക്കി കാര്യങ്ങൾ നേരിട്ട് വിളിച്ചറിയിക്കാമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചു.
എല്ലാത്തിനും ഒപ്പമുണ്ടാകും എന്നും എന്ത് സഹായത്തിനും തന്നെ വിളിക്കാമെന്നും മന്ത്രി ബിന്ദുവിൻ്റെ കുടുംബത്തെ അറിയിച്ചു. കുടുംബത്തിനുള്ള സഹായങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി കളക്ടറെ ചുമതലപ്പെടുത്തി. നാളെ ആരോഗ്യ മന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട്ടിലെത്തും.
ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായത് പോലെ ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ പതിനാലാം വാര്‍ഡ് കെട്ടിടമാണ് തകര്‍ന്നുവീണ് ബിന്ദു മരിച്ചത്. അപകടത്തില്‍ കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത് അല്‍പ്പസമയം കഴിഞ്ഞാണ് ബിന്ദു മരിച്ചത്.
ബിന്ദുവിൻ്റെ മകൾ നവമി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ കിടത്തി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകളുമായി ആശുപത്രിയിൽ എത്തിയത്. രാവിലെ കുളിക്കാനായി പതിനാലാം വാർഡില്‍ എത്തിയതായിരുന്നു ബിന്ദു. അപ്പോഴാണ് കെട്ടിടം തകർന്ന് വീണത്.