ശബരിമല 
KERALA

ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രമെത്തിയത് 90,000ത്തിലധികം ഭക്തർ

ഓരോ മണിക്കൂറിലും ആയിരത്തിനടുത്ത് അയ്യപ്പ ഭക്തർ സ്പോട്ട് ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധന. തൊണ്ണൂറാരായിത്തിലത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം സന്നിധാനത്ത് ദർശനം നടത്തിയത്. മണ്ഡല മാസ പൂജയോടടുക്കുമ്പോൾ ശബരിമലയിൽ ഇതുവരെ ദർശനം നടത്തി മടങ്ങിയ ഭക്തരുടെ എണ്ണം 27 ലക്ഷം പിന്നിട്ടു.

നിർമാല്യവും ഗണപതി ഹോമവും കാണാൻ 15000 ലധികം ഭക്തരാണ് രാവിലെ തന്നെ സന്നിധാനത്ത് എത്തിയത്. ഉച്ചയ്ക്ക് നട അടയ്ക്കുമ്പോൾ 45000 തീർത്ഥാടകർ ദർശനം നടത്തി മടങ്ങി. മണിക്കൂറിൽ മൂവായിരം മുതൽ നാലായിരം വരെ അയ്യപ്പന്മാർ പതിനെട്ടാം പടി ചവിട്ടുന്നുവെന്നാണ് കണക്ക്. ഓരോ മണിക്കൂറിലും ആയിരത്തിനടുത്ത് അയ്യപ്പ ഭക്തർ സ്പോട്ട് ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.

വിവിധ കാനനപാതകളിലൂടെ എത്തുന്ന ഭക്തരുടെ എണ്ണത്തിലും ഈ വർഷം വര്‍ധനവുണ്ട്. അഴുതക്കടവ്-പമ്പ വഴി 46690 ഭക്തരും സത്രം വഴി 74473 പേരും സന്നിധാനത്തെത്തി. കാനനപാത വഴി എത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി കൃത്യതയാര്‍ന്ന ക്രമീകരണങ്ങളാണ് വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.

മണ്ഡല മാസ പൂജയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഇന്ന് സ്പെഷൽ ഓഫീസറുമാരുടെ യോഗം ചേർന്നു. വരും ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.

SCROLL FOR NEXT