സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട് Source; X, Facebook
KERALA

സുരേഷ് ഗോപിയുടെ അനുയായിക്ക് പാലായിലും തൃശൂരും വോട്ട്; വിദേശത്തുള്ളയാളുടെ വീട്ടുനമ്പറില്‍ 36 വോട്ട്; 'വോട്ട് ചോരി'യില്‍ കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം

ബിഹാറിൽ വോട്ട് ചേർക്കാൻ ആധാർ കാർഡ്, റേഷൻ കാർഡ് ഒന്നും പറ്റില്ല. തൃശൂര്‍ ആണേൽ പോസ്റ്റൽ കാർഡ് മതി. എന്താലെ? ഫേസ്ബുക്ക് പോസ്റ്റുമായായിരുന്നു വിഎസ് സുനിൽ കുമാറിന്റെ പരിഹാസം.

Author : ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകൊള്ള നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം രാജ്യമാകെ ചർച്ചയായിക്കഴിഞ്ഞു. പാർലമെന്റിലെ ഇരു സഭകളിലും പ്രതിപക്ഷ എംപിമാർ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. പ്രതിപക്ഷത്തെ വിവിധ പാർട്ടികളിൽ നിന്നായി 300 ൽ അധികം എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. മാർച്ച് തടഞ്ഞ പൊലീസ് എംപിമാരെ കസ്റ്റഡിയിലെടുത്തു. കൊടും ചൂടിൽ പലരും കുഴഞ്ഞ് വീണിട്ടും തളരാതെ നടത്തിയ പോരാട്ടം ഭരണഘടന സംരക്ഷണത്തിനെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഇന്ത്യാകെ അലയടിച്ച് വോട്ട് ചോരി വിവാദം കേരളത്തിലും ഞെട്ടിക്കുന്ന കണ്ടെത്തലുകൾക്കാണ് വഴിവച്ചിരിക്കുന്നത്. സംസ്ഥാനത്ത് വോട്ട് ക്രമക്കേട് വിവാദം പുകയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന തൃശൂർ മണ്ഡലത്തിൽ നിന്നു തന്നെ ക്രമക്കേടിന്റെ തെളിവുകൾ പുറത്തുവന്നു. നടൻ സുരേഷ് ഗോപിയെ വച്ചായിരുന്നു ബിജെപി മണ്ഡലം പിടിച്ചത്. ആദ്യം പുറത്ത് വന്നത് മണ്ഡലത്തിനു പുറത്തുള്ള ചിലരെ വ്യാജ വിലാസത്തിൽ വോട്ടർ പട്ടികയിൽ ചേർത്തതിനുള്ള തെളിവുകളായിരുന്നു.പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടത്തിയത്. ഓരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്താതെയും നിരവധിപ്പേരാണ് വോട്ടർപ്പട്ടികയിൽ ഇടംപിടിച്ചിരുന്നത്.

പിന്നീട് കഥ മാറി. ആർഎസ് എസ് നേതാവും, മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി നിന്ന വിജയിച്ച സുരേഷ് ഗോപിയും കുടുംബം അടക്കം ഇരട്ടവോട്ടുകൾ ചേർത്ത വിവരങ്ങൾ പുറത്ത് വന്നത് കേരളത്തെ ഞെട്ടിച്ചു. കോട്ടയം സ്വദേശിയും സുരേഷ് ഗോപിയുടെ അനുയായിയുമായ ബിജു പുളിക്കകണ്ടത്തിലിനും ഭാര്യക്കും വരെ തൃശൂരിൽ വോട്ടുള്ളതായി കണ്ടെത്തി.സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യക്കും അടക്കം ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട്. ആലത്തൂരിലെ ആര്‍എസ്എസ് നേതാവ് ഷാജി വരവൂരിനും പാലായിലെ സുരേഷ് ഗോപിയുടെ അനുയായി ബിജു പുളിക്കകണ്ടത്തിലും കുടുംബാംഗങ്ങള്‍ക്കും വിവിധ മണ്ഡലങ്ങളില്‍ ഇരട്ട വോട്ട് . വോട്ടർ പട്ടിക കണ്ട് മലയാളികൾ നടുങ്ങിയ സ്ഥിതിയാണ്.

വാർത്തകളും തെളിവുകളും പുറത്തുവന്നതോടെ സംസ്ഥാനത്തെ നേതാക്കളെല്ലാം ഭരണ പ്രതിപക്ഷ ഭേദമെന്യേ വോട്ട് കൊള്ളയ്ക്കെതിരെ രംഗത്തു വന്നു. തൃശൂരിൽ നിയമനടപടി സ്വീകരിക്കുമെന്ന് കെ. മുരളീധരൻ അറിയിച്ചു. ധാർമികതയുണ്ടെങ്കിൽ സുരേഷ് ഗോപി രാജിവെക്കണമെന്നാണ് മുരളീധരൻ ആവശ്യപ്പെട്ടത്. തൃശൂരിൽ റീ ഇലക്ഷൻ നടത്തണമെന്ന ആവശ്യവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സുരേഷ് ഗോപിയുടെ മൗനം ദുരൂഹമെന്നും മാന്യത ഉണ്ടെങ്കിൽ സുരേഷ് ഗോപി ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലും സുരേഷ് ഗോപി മോഡൽ ഉണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു. രാജ്യത്തെ ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കുന്ന സ്ഥിതിയാണുള്ളതെന്നും വി. ശിവൻകുട്ടി പറഞ്ഞു. ബിഹാറിൽ വോട്ട് ചേർക്കാൻ ആധാർ കാർഡ്, റേഷൻ കാർഡ് ഒന്നും പറ്റില്ല. തൃശൂര്‍ ആണേൽ പോസ്റ്റൽ കാർഡ് മതി. എന്താലെ? ഫേസ്ബുക്ക് പോസ്റ്റുമായായിരുന്നു വിഎസ് സുനിൽ കുമാറിന്റെ പരിഹാസം.

സുരേഷ് ഗോപിക്കെതിരെ പൊലീസ് കമ്മീഷണർക്ക് പരാതി നൽകാൻ പരാതി നൽകാൻ കോൺഗ്രസ് നേതാക്കൾ എൻ പ്രതാപനും അനിൽ അക്കരയും, ജോസഫ് ടാജറ്റും ഒരുമിച്ചെത്തി. സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധമെന്നായിരുന്നു മുൻ എംപി ടി, എൻ. പ്രതാപന്റെ പ്രതികരണം.അതേ സമയം രാഹുൽ ഗാന്ധി ഉന്നയിച്ച വ്യാജ വോട്ട് ആരോപണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വക്കീൽ നോട്ടീസ് അയച്ചു.15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യം.ആലപ്പുഴ സ്വദേശി ഷാനു ഭൂട്ടോ ആണ് വക്കീൽ നോട്ടീസ് അയച്ചത്.വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ എൽഡിഎഫ്.രംഗത്തുവന്നു.വോട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും കമ്മീഷൻ നടപടിയെടുത്തില്ല. പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ വെള്ള പൂശാനും ന്യായീകരിക്കാനുമാണ് കമ്മീഷന ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.പി. രാജേന്ദ്രൻ പറഞ്ഞു.

ആരോപണങ്ങൾ ശക്തമായതോടെ ബിജെപി നേതാവ് വി.മുരളീധരനും പ്രതികരിച്ചു. ഇല്ലാത്ത ഒരാളുടെ പേരിൽ വോട്ടുണ്ടാക്കിയാലാണ് അത് വ്യാജ വോട്ട്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതല്ലെ.പരാതി കൊടുക്കാൻ സമയമുണ്ടായിരുന്നല്ലൊ, എന്തുകൊണ്ട് പരാതി നൽകിയില്ലെന്നും മുരളീധരൻ ചോദ്യമുന്നയിച്ചു. പരിശോധിച്ച ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന്‍റെയാണ്. 75,000 വോട്ടിനാണ് സുരേഷ് ഗോപി ജയിച്ചത്. 11 കള്ളവോട്ട് ആണെന്ന് തന്നെയിരിക്കട്ടെ സുരേഷ് ഗോപിയുടെ ജയം ഇല്ലാതാവില്ലല്ലോ എന്നും വി. മുരളീധരൻ പറഞ്ഞു. തൃശൂരിൽ വോട്ടുകൊള്ള വിവാദം ചൂടുപിടിക്കുന്നതിനിടെ കൊച്ചിയിലും ക്രമക്കേട് കണ്ടെത്തി. കൊച്ചി കോർപ്പറേഷനിലെ മുണ്ടംവേലിയിൽ വ്യാപക കള്ളവോട്ട് ചേർത്തതായാണ് പരാതി. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വീട്ടുടമ വിദേശത്ത് കഴിയവേ 36 ഇതര സംസ്ഥാന തൊഴിലാളികളാണ് വീട്ട് നമ്പറിൽ വോട്ട് രേഖപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 400 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിൽ ചേർത്തിരിക്കുന്നത് 83 ഇതരസംസ്ഥാന തൊഴിലാളികളെയാണെന്നും കണ്ടെത്തി.

ഇതിനോടകം നിരവധിയിടങ്ങളിൽ കള്ള വോട്ട് ചേർക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. തൃശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം വ്യാപക ക്രമക്കേടുകൾ നടന്നെന്ന് വ്യക്തമായതോടെ തദ്ദേശ - നിയമസഭ - പാർലമെൻറ് മണ്ഡലങ്ങളുടെ പട്ടികകൾ പരിശോധിച്ചു ക്രമക്കേടുകളും വ്യാജ വോട്ടുകളും കണ്ടെത്തുകയാണ് മുന്നണികളുടെ ലക്ഷ്യം. രാജ്യ തലസ്ഥാനം വോട്ട് ചോരി വിവാദത്തിൽ ഇന്നും പ്രക്ഷുബ്ധമാണ്. പാർലമെന്റിന്റ ഇരു സഭകളിലും പ്രതിഷേധമറിയിച്ച് പ്രതിപക്ഷ എംപിമാർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായി. ഏത് സാഹചര്യത്തിലും വോട്ടു കൊള്ളയ്ക്കെതിരെ പോരാടാനാണ് പ്രതിപക്ഷ നീക്കം.

രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും രാഹുല്‍ പുറത്തുവിട്ടിരുന്നു. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനും പിന്തുണ നല്‍കാനുമായി കോണ്‍ഗ്രസ് വെബ്‌സൈറ്റ് ആരംഭിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തില്‍ പങ്കുചേരാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ നീക്കം. 'വോട്ട് ചോരി ഇന്‍' എന്ന വെബ്‌സൈറ്റ് ആരംഭിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം.ആരോപണ പ്രത്യാരോപണങ്ങൾ കനക്കുമ്പോഴും ആഞ്ഞടിക്കുന്ന പ്രതിഷേധങ്ങൾ ജനങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ പാർട്ടികൾ.

SCROLL FOR NEXT