ശബരിമലയിലെ സ്വര്‍ണക്കിരീടം കവര്‍ന്നതായി സൂചന Source: Screengrab
KERALA

ശബരിമലയിലെ സ്വര്‍ണക്കിരീടം കവര്‍ന്നതായി സൂചന; വാർത്ത നിഷേധിച്ച് തിരുവാഭരണം കമ്മീഷണര്‍

തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തന്‍ 2012ല്‍ സമര്‍പ്പിച്ച 55.75 പവൻ്റെ കിരീടം കവര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സ്വര്‍ണപ്പാളി കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ശബരിമലയിലെ സ്വര്‍ണക്കിരീടവും കാണാതായെന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. സ്‌ട്രോങ് റൂമില്‍ നിന്നാണ് കിരീടം കവർന്നതെന്നും, കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത് എന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തന്‍ 2012ല്‍ സമര്‍പ്പിച്ച 55.72 പവൻ്റെ കിരീടമാണ് കാണാതായിട്ടുള്ളത്. പകരം ഡ്യൂപ്ലിക്കറ്റ് കിരീടം വച്ചെന്നാണ് വിവരം. അതേസമയം സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് തിരുവാഭരണം കമ്മീഷണര്‍ പറയുന്നത്. യഥാർഥ കിരീടവും അതേ മാതൃകയിലുള്ള മറ്റൊരു കിരീടവും സ്ട്രോങ് റൂമിലുണ്ട്. മൂല്യമുള്ള പലതിനും സമാനമായ മാതൃക സൂക്ഷിക്കുന്നത് സാധാരണയാണ്. കിരീടം 2012 ൽ തന്നെ ഇൻഷുറൻസിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

തിരുവാഭരണം കമ്മിഷണർ ദേവസ്വം കമ്മിഷണർക്ക് വിശദീകരണം നൽകി. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി ശങ്കരൻ്റെ നേതൃത്വത്തിലുള്ള കണക്കെടുപ്പിലാണ് കിരീടം നഷ്ടപ്പെട്ടത് തെളിഞ്ഞത്. ആറന്മുളയിലെ സ്ട്രോങ് റൂമിലുണ്ടായിരുന്ന നാല് പവൻ്റെ സ്വർണ മാലയും കാണാതായിട്ടുണ്ട്. കണക്കെടുപ്പ് പൂർത്തിയാവട്ടെയെന്നും ആർക്കാണ് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാർ പറഞ്ഞു.

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യുറിയുടെ കണക്കെടുപ്പ് തുടരുകയാണ്. അന്തിമ പരിശോധനാ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും. ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അവിടുത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം. എന്നാൽ സ്വർണ്ണകിരീടം ആറന്മുളയിൽ എത്തിയില്ലെന്നാണ് വിവരം.

SCROLL FOR NEXT