ലെപ്രസി സാനട്ടോറിയം നൂറനാട് Source: News Malayalam 24x7
KERALA

താമസം ഉപയോഗ്യ ശൂന്യമായ പഴയ കെട്ടിടത്തിൽ; നൂറനാട് ലെപ്രസി സാനട്ടോറിയത്തിലെ അന്തേവാസികൾ ദുരിതത്തിൽ; പുതിയ കെട്ടിടം ഉപയോഗിക്കുന്നത് മറ്റ് ആവശ്യങ്ങൾക്കായി

അന്തേവാസികൾക്കായി നിർമിച്ച മാർക്കറ്റും തിയേറ്ററും അടക്കം സകലതും ചിതലരിച്ച് പോവുകയാണ്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: നൂറനാട് ലപ്രസി സാനട്ടോറിയത്തിലെ അന്തേവാസികളെ പഴയ കേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതായി പരാതി. ഇവർക്കായി നിർമിച്ച പുതിയ കെട്ടിടം ഉണ്ടെന്നിരിക്കെയാണ് അധികൃതരുടെ ദുരൂഹ നീക്കം. അന്തേവാസികളെ മാറ്റി പാർപ്പിക്കാൻ പ്രത്യേക എച്ച്എംസി സബ് കമ്മിറ്റി രൂപീകരിച്ചതായും ആക്ഷേപം.

പൊളിഞ്ഞു വീഴാറായ ഈ കെട്ടിടത്തിൽ നിന്ന് മാറുന്നത് അല്ല ഇവരുടെ പ്രശ്നം. മറിച്ച് അധികൃതർ മാറ്റാൻ ശ്രമിക്കുന്ന കെട്ടിടത്തിൽ രോഗികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്നതാണ്. നിലവിൽ താമസിക്കുന്ന കെട്ടിടം ഉപയോഗ ശൂന്യമാണെന്ന കോടതി കണ്ടെത്തലിനെ തുടർന്നാണ് അന്തേവാസികളെ മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിക്കുന്നത്. ഇവർക്കായി നിർമിച്ച കെട്ടിട്ടം ഉണ്ടെന്നിരിക്കെയാണ് മറ്റൊരിടം തേടുന്നത്.

അന്തേവാസികൾക്കായി നിർമിച്ച മാർക്കറ്റും തിയേറ്ററും അടക്കം സകലതും ചിതലരിച്ച് പോവുകയാണ്. കളക്ടർ ചെയർമാൻ ആയ എച്ച്എംസിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉണ്ട്. അന്തേവാസികളുമായി ബന്ധപ്പെട്ട എന്ത് തീരുമാനം എടുക്കുന്നതും എച്ച്എംസിയിൽ ആലോചിച്ചു വേണമെന്നാണ് ചട്ടം. എന്നാൽ അന്തേവാസികളെ മാറ്റി പാർപ്പിക്കാൻ ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഈ സബ് കമ്മിറ്റിയിൽ നിന്ന് പ്രതിപക്ഷ പാർട്ടികളെ ഒഴിവാക്കിയതിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം.

ശരീര താപനില ഉയരുന്നത് ഇവർക്ക് അസ്വസ്ഥത ഉണ്ടാക്കും. അത് കൊണ്ട് തന്നെ ചൂട് കൂടുന്ന സ്ഥലങ്ങളിൽ ഇവർക്ക് താമസിക്കാൻ കഴിയില്ല. എന്നിട്ടും പുതിയ കെട്ടിടം നിർമിച്ചതും ഇപ്പോൾ മാറ്റാൻ ശ്രമിക്കുന്ന കെട്ടിടവും കനത്ത വെയിൽ ഏൽക്കുന്ന സ്ഥലമാണെന്നത് ഇവരോടുള്ള അവഗണന തുറന്ന് കാണിക്കുന്നു. ലെപ്രസി അന്തേവാസികളുടെ പേരിലുള്ള സ്ഥലം കയ്യേറാനുള്ള ശ്രമങ്ങളും നടക്കുന്നതയാണ് ആരോപണം.

SCROLL FOR NEXT