കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസിൽ സഹസംവിധായക ശാലിനിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. രഞ്ജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് ശാലിനിയെ ചോദ്യം ചെയ്തത്. രഞ്ജിത്തിനെതിരായ കേസിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് ശാലിനി മൊഴി നൽകിയിരിക്കുന്നത്.
നടൻ ബോബി കുര്യൻ്റെ കട്ടപ്പനയിലെ ബന്ധുക്കളെ കാണാനാണ് രഞ്ജിത്തിനൊപ്പം കാറിൽ പോയതെന്നും കസ്റ്റഡിയിലെടുക്കുന്ന സമയത്താണ് കേസിനെക്കുറിച്ച് അറിയുന്നതെന്നും ശാലിനി മൊഴി നൽകി. ശാലിനിയുടെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നടൻ ബോബി കുര്യനെ ഉടൻ ചോദ്യം ചെയ്യും.
കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജയിലിലായിരുന്ന രഞ്ജിത്ത് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായിരുന്നു. കർശന ഉപാധികളോടെയാണ് രഞ്ജിത്തിന് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.