തിരുമല അനിൽ  Source: News Malayalam 24x7
KERALA

ബിജെപി കൗൺസില‍റുടെ മരണം: സഹകരണ വകുപ്പ് രജിസ്ട്രാറോട് റിപ്പോർട്ട് തേടി അന്വേഷണസംഘം

റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർനടപടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബിജെപി കൗൺസിലർ അനിൽ കുമാറിന്റെ മരണത്തിൽ സഹകരണ വകുപ്പ് രജിസ്ട്രാറോട് റിപ്പോർട്ട് തേടി അന്വേഷണസംഘം. വലിയശാല ഫാം ടൂർ സൊസൈറ്റിയുടെ ഓഡിറ്റ് റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും ഹാജരാക്കാനാണ് നിർദേശം. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർനടപടി.

വലിയശാല ഫാം ടൂർ സൊസൈറ്റിയിൽ വ്യാപക ക്രമക്കേടുണ്ടായെന്നായിരുന്നു സഹകരണ വകുപ്പിന്റെ റിപ്പോർട്ട്. അനിൽ കുമാറിൻ്റെ കുടുംബാംഗങ്ങളിൽ നിന്നും സൊസൈറ്റി ഭരണസമിതി അംഗങ്ങളിൽ നിന്നും അന്വേഷണ സംഘം വിശദമായി മൊഴി രേഖപ്പെടുത്തും. വിഷയത്തിൽ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സഹകരണ രജിസ്റ്റാറോട് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമവിരുദ്ധമായി പലിശ നൽകിയതിലൂടെ ഉണ്ടായ നഷ്ടം, അനുമതിയില്ലാതെ താൽക്കാലിക നിയമനം നടത്തിയത്, വായ്പയിലെ ക്രമക്കേട് എന്നിവയെല്ലാമാണ് സഹകരണ വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടി കാട്ടുന്നത്. ഇവ അനിൽകുമാറിന്റെ ആത്മഹത്യയിലേക്ക് വഴിവെച്ചുവെന്നാണ് കരുതുന്നത്. അതിനാൽ സൊസൈറ്റിലെ മുഴുവൻ ആളുകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സൊസൈറ്റി സെക്രട്ടറിയോടും അന്വേഷണ സംഘം റിപ്പോർട്ട് തേടിയിരുന്നു.

ബാങ്കിൽ നിന്നും 14 ലക്ഷത്തിലധികം രൂപ നഷ്ടമായിട്ടുണ്ട്. സൊസൈറ്റി സെക്രട്ടറിയിൽ നിന്ന് 18 ശതമാനം പലിശയോടെ പണം തിരികെ പിടിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കുലറുകൾക്ക് വിരുദ്ധമായി പലിശ നൽകിയതിൽ വൻ നഷ്ടമുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. കളക്ഷൻ ഏജൻ്റുമാരെ നിയമിച്ചതിലും കമ്മീഷൻ നൽകിയതിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അനിൽകുമാറിൻ്റെ മരണത്തെ തുടർന്ന് ബിജെപിയിൽ അമർഷം പുകയുകയാണ്. പാർട്ടിയിലെ പ്രശ്നങ്ങൾ ഇല്ലെന്നും, അത്തരം പ്രശ്നങ്ങൾ കാരണമല്ല അനിൽ ജീവനൊടുക്കിയത് എന്നും, ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ബിജെപിക്ക് സാധിക്കുന്നില്ല എന്നതുമാണ് തടസം നിക്കുന്നത്. സിപിഐഎമ്മിനെ പഴിചാരിക്കൊണ്ട് ബിജെപി നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അതെല്ലാം പാഴായി പോകുകയാണ് ഉണ്ടായത്. അനിൽ കുമാറിൻ്റെ മരണത്തിന് പിന്നാലെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നപ്പോൾ അതിൽ ബിജെപിയെക്കുറിച്ച് പരാമർശം ഉണ്ടെന്ന കാര്യം പരസ്യമായതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലാകുകയാണ് ചെയ്യുന്നത്.

SCROLL FOR NEXT