കെ. മുരളീധരൻ Source: Files
KERALA

കയറ്റിറക്കങ്ങളുടെ സമവാക്യങ്ങൾ കണ്ട രാഷ്ട്രീയ ജീവിതം; മുരളീധരൻ, തളരാത്ത പോരാളി

രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് കരുതിയിടത്താണ് എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത് കെ. മുരളീധരൻ വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമാകുന്നത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുൻപ് ഒരു തവണ മന്ത്രിയായിട്ടുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് കെ. മുരളീധരൻ മന്ത്രിസഭയിൽ എത്തുന്നത് ഇതാദ്യമായാണ്. കേരള രാഷ്ട്രീയത്തിൽ മുരളീധരനെ പോലെ വീഴ്ചകളും അതിനേക്കാൾ ശക്തമായ തിരിച്ചു വരവും നടത്തിയ നേതാക്കൾ കുറവായിരിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ തോറ്റതോടെ, രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് കരുതിയിടത്താണ് എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത് കെ. മുരളീധരൻ വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമാകുന്നത്.

2001ൽ കെപിസിസി അധ്യക്ഷനായതു മുതൽ ഇപ്പോൾ വട്ടിയൂർക്കാവിൽ ജയിച്ചതുവരെയുള്ള കെ. മുരളീധരൻ്റെ രാഷ്ട്രീയ ജീവിതത്തിൽ കയറ്റിറക്കങ്ങളുടെ സമവാക്യം കാണാം. കെപിസിസി പ്രസിഡന്റ് ആയിരിക്കെ എ.കെ. ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അധികാരത്തിന്റെ ഉച്ചിയിലായിരുന്നു മുരളി. പക്ഷെ നിയമസഭയിലെത്താൻ വടക്കാഞ്ചേരിയിൽ ഉപതെരെഞ്ഞടുപ്പ് നേരിട്ടപ്പോൾ പരാജയമായിരുന്നു ഫലം. ഉപതെരഞ്ഞെടുപ്പിൽ തോറ്റ മന്ത്രിയെന്ന ചീത്തപ്പേരുമായി. ആ തോൽവി കേരളത്തിലെ കോൺഗ്രസ് കണ്ട വലിയ പിളർപ്പുകളിൽ ഒന്നിന് വഴിവെട്ടിയെന്നത് പിൽക്കാല ചരിത്രം. ഡിഐസിയും എൻസിപിയും കടന്നു മുരളി വീണ്ടും കോൺഗ്രസിലെത്തി വട്ടിയൂർക്കാവിൽ നിന്ന് എംഎൽഎയായെങ്കിലും മന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാൻ പോലും കഴിയാത്ത കാലമായിരുന്നു. ഇതിനിടയിൽ ലാഭ നഷ്ടങ്ങൾ നോക്കാതെ പാർട്ടി പറഞ്ഞ പല ദൗത്യവും മുരളി ഏറ്റെടുത്തു. 2019 ൽ മുല്ലപ്പള്ളി ഒഴിഞ്ഞപ്പോൾ വടകരയിലേക്ക്. വടകര എംപിയായിരിക്കെ 2021ൽ നേമത്തേക്ക്. 2016ൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലം 2021ൽ പൂട്ടിച്ചത് വി. ശിവൻകുട്ടി ആണെങ്കിൽ മുരളിധരൻ പിടിച്ച വോട്ട് അതിന് അടിത്തറയായി. അങ്ങനെ കോൺഗ്രസിലെ ട്രബിൾ ഷൂട്ടറായി മാറി മുരളി.

2024 ൽ മുരളിയെ തൃശൂരിലേക്ക് പാർട്ടി നിയോഗിച്ചത് ഏറ്റവും അവസാന നിമിഷമായിരുന്നു. കേരളം മുഴുവൻ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയും പതിനെട്ട് മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികൾ ജയിച്ചു വരികയും ചെയ്തപ്പോൾ തൃശൂരിൽ മുരളീധരൻ മൂന്നാമതായി. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും പൊതുരംഗത്ത് നിന്നു മാറിനിൽക്കുന്നുമെന്നും മുരളീധരൻ പ്രഖ്യാപിച്ചപ്പോൾ പലരും കരുതിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമെന്നാണ്. പക്ഷെ ഒരു ഇടവേളയ്ക്ക് ശേഷം വട്ടിയൂർക്കാവിൽ തിരിച്ചെത്തി മണ്ഡലം തിരിച്ചു പിടിച്ച മുരളീധരൻ ഇത്തവണ ജനവിധി നേടി, ജയിച്ചു തന്നെ മന്ത്രിയായി. അത് കാലത്തിന്റെ കാവ്യ നീതി കൂടിയാണ്.

SCROLL FOR NEXT