തിരുവനന്തപുരം: പുതുയുഗത്തിലേക്ക് യാത്രചെയ്യുന്ന കേരളത്തിൻ്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന്ന് ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ആരോഗ്യമേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിൻ്റെ ദിശാസൂചികയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച സർക്കാരിൻ്റെ ബജറ്റ്. ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ സർക്കാർ അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരൻ്റിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും. അപ്രതീക്ഷിതമായ ചികിത്സാ ചെലവുകൾ പല കുടുംബങ്ങളിലും സൃഷ്ടിക്കുന്ന വൻ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിന് എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ പദ്ധതിയാണിത് എന്നും മുരളീധരൻ വ്യക്തമാക്കി.
ഇതിൻ്റെ പ്രാരംഭചെലവുകൾക്കായി 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യമേഖലയ്ക്കുള്ള പദ്ധതി വിഹിതമായി 2076.02 കോടി രൂപ വകയിരുത്തിട്ടുണ്ട്. മുൻ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജും ഹരിപ്പാട് മെഡിക്കൽ കോളേജും യാഥാർഥ്യമാക്കുമെന്നത് ഈ സർക്കാരിന് നാടിനോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ്. യുഡിഎഫ് സർക്കാർ തുടങ്ങിവച്ച കാസർകോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളെ തുടർന്ന് വന്ന സർക്കാർ ദ്രോഹിക്കുകയായിരുന്നു. ഇവയെ ശക്തിപ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
ആരോഗ്യമേഖലയ്ക്കുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ
·മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, പരിശീലന കേന്ദ്രങ്ങൾ, ഗവേഷണ ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ സൗകര്യങ്ങളും സംയോജിപ്പിച്ച് വികസിപ്പിക്കുന്ന ബൃഹത്പദ്ധതിയാണ് കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി.
ഇതുവഴി ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും, മെഡിക്കൽ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനും, മെഡിക്കൽ ടൂറിസം വികസിപ്പിക്കുന്നതിനും, ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സാധിക്കും. ഈ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
·കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ, ഉപകരണങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും. ഹരിപ്പാട് ഒരു പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. ഇവയ്ക്കായി 100 കോടി രൂപ വകയിരുത്തുന്നു.
·കേരളത്തിൽ ഉയർന്ന് നിൽക്കുന്ന ആരോഗ്യ ചികിത്സാ ചെലവ് (Out of Pocket Expenditure) കുറച്ച് കൊണ്ടുവരാൻ സർക്കാർ ഇടപെടൽ നടത്തും. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷൻ ആക്കി മാറ്റാൻ 'Reach Kerala' എന്ന പദ്ധതി ആവിഷ്‌കരിക്കും. ഇതിൻ്റെ ഭാഗമായി ആരോഗ്യം-ആയുഷ്-ടൂറിസം മറ്റ് അനുബന്ധ വകുപ്പുകൾ എന്നിവ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കും.
·തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവിയും അവയ്ക്ക് എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും അക്കാഡമിക് മികവും കൈവരിക്കാൻ ആവശ്യമായ പിന്തുണയും സർക്കാർ നൽകും. വിദ്യാർഥികൾക്കും പുതുതലമുറയ്ക്കും ആരോഗ്യപരവും ശുചിത്വപരവുമായ ജീവിതശൈലികളെക്കുറിച്ചും പരിശീലനവും പ്രായോഗിക അറിവും നൽകുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും.
·അത്യാഹിത-ട്രോമ ചികിത്സ ഏറ്റവും കുറഞ്ഞ സമയ ത്തിനുള്ളിൽ ലഭ്യമാക്കുന്നതിനായി ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കിക്കൊണ്ടും ഡിജിറ്റലൈസ്‌ഡ് സംവിധാനം ലഭ്യമാക്കിക്കൊണ്ടും 'ഗോൾഡൻ അവർ പ്രോജക്ട് നടപ്പിലാക്കും. പകർച്ച വ്യാധികളെ ഫലപ്രദമായി തടയുന്നതിനും നേരിടുന്നതിനുമായി ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കും.
·രോഗങ്ങൾ വരുന്നതിനു മുൻപു തന്നെ അവ കണ്ടെത്തി തടയുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനായി 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തുന്നതിനുമായി ധനസഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിക്കും. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി, ഹോസ്പിറ്റൽ ഡെവലപ്പ്മെൻ്റ് സൊസൈറ്റി എന്നിവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും പിരിക്കുന്ന പണം കൃത്യമായ രീതിയിൽ രോഗികൾക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താനും പരിഷ്കാരങ്ങൾ നടപ്പിലാക്കും. സർക്കാർ ആശുപത്രികളുടെ നടത്തിപ്പിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കും.
·കെഎംഎസ്‌സിഎല്ലിൻ്റെ മരുന്ന് സംഭരണ പ്രക്രിയ പുനഃപരിശോധിച്ച് കാര്യക്ഷമമാക്കും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശിക ഘട്ടം ഘട്ടമായി തീർത്ത് പദ്ധതിയുടെ കാര്യക്ഷമമാക്കും. ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി 'ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകൾ' ആരംഭിക്കും.
·തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലന ത്തിനായി പ്രത്യേക 'കോസ്റ്റൽ കെയർ യൂണിറ്റുകൾ' സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും. സംസ്ഥാനത്ത കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണന നൽകും. ഇതിനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകും.
·രോഗ നിർണ്ണയ ടെസ്റ്റുകൾക്കായി ലാബ് സൗകര്യങ്ങൾ കുറവുള്ള ഗ്രാമീണ മേഖലകളിൽ മൊബൈൽ ടെസ്റ്റിംഗ് ലാബ് സൗകര്യം ഏർപ്പെടുത്തും. ആദ്യഘട്ടമായി 2 കോടിരൂപ വീതം ചെലവിൽ 10 ലാബുകൾ സജ്ജീകരിക്കുന്നതാണ്. ഇതിനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് എസ്.എം.എ. (Spinal Muscular Atrophy) അടക്കമുള്ള അപൂർവ്വ രോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും.