കെ. സുധാകരൻ്റെ പരാമർശത്തിന് കെ. മുരളീധരൻ്റെ മറുപടി 
KERALA

"ആണുങ്ങളുടെ സർക്കാർ ആണോയെന്ന് ടെസ്റ്റ് ചെയ്ത് നോക്കണമെങ്കിൽ നോക്കാം"; കെ. സുധാകരൻ്റെ പരാമർശത്തിന് കെ. മുരളീധരൻ്റെ മറുപടി

ആണുങ്ങളുടെ സർക്കാർ ആണോ എന്നറിയില്ല എന്ന കെ.സുധാകരൻ്റെ പരാമർശത്തോട് രൂക്ഷമായ ഭാഷയിലാണ് കെ. മുരളീധരൻ തിരിച്ചടിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിലപാടിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു. കെ. സുധാകരനെ പുകച്ച് പുറത്താക്കിയതുപോലെ തനിക്കെതിരെയും നീക്കം നടക്കുന്നുണ്ടെന്ന് അടൂർ പ്രകാശ് തുറന്നടിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര എന്തിന്, ആർക്കൊപ്പമായിരുന്നു എന്ന് പറയാനുള്ള ചങ്കൂറ്റം അദ്ദേഹം കാണിക്കണം എന്നടക്കം സതീശനും സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അടൂർ പ്രകാശ് ഉന്നയിച്ചത്.

ഇതോടെ പക്ഷം തിരിഞ്ഞുള്ള ആരോപണപ്രത്യാരോപണങ്ങളാണ് നടന്നത്. ആണുങ്ങളുടെ സര്‍ക്കാരാണെങ്കില്‍ പിണറായി വിജയനെതിരെ കര്‍ശനനടപടി ഉണ്ടാകുമായിരുന്നുവെന്ന കെ. സുധാകരൻ്റെ പരാമർശത്തോടെ രൂക്ഷമായ ഭാഷയിലാണ് കെ. മുരളീധരൻ പ്രതികരിച്ചത്.

വന്ന് ടെസ്റ്റ് ചെയ്തു നോക്കണമെങ്കിൽ നോക്കാം എന്നായിരുന്നു മുരളീധരൻ്റെ മറുപടി. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ടെന്ന് കെ. മുരളീധരൻ തിരിച്ചടിച്ചു. അടൂർ പ്രകാശിൻ്റെ പേരെടുത്ത് പറയാതെയായിരുന്നു മുരളീധരൻ്റെ വിമർശനം.

സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ സര്‍ക്കാര്‍ ചെയ്തത് 101 ശതമാനം ശരിയാണെന്നും മുരളീധരന്‍ പറഞ്ഞു. ഇഡിയോട് ഒരു നിലപാട് ഉണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. ഇഡി എന്തെങ്കിലും കേസ് കൊണ്ടുവന്നാല്‍ ഉടനെ കയറിയങ്ങ് ചാര്‍ജ് ചെയ്യാനാവില്ല. ഡല്‍ഹിയില്‍ ഒരുനയം കേരളത്തില്‍ വേറെ ഒരു നയമല്ല ഇക്കാര്യത്തില്‍. എല്ലായിടത്തും ഇഡിയോട് ഒരേ സമീപനമാണ്. .

ഇഡി രേഖാമൂലം പരാതി തന്നപ്പോള്‍ പ്രാഥമിക അന്വേഷണം നടത്താതെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടയെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ഹൈക്കോടതി കേസ് എടുക്കാന്‍ പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നാഭിപ്രായമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു

SCROLL FOR NEXT