തിരുവനന്തപുരം: സാഗരകന്യകാ ശിൽപ്പത്തെ പരസ്യത്തിൽ ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് ശില്പി കാനായി കുഞ്ഞിരാമൻ. ശില്പം പരസ്യബോർഡിൽ ഉപയോഗിച്ചതിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു സ്വകാര്യ ആശുപത്രി സ്താനാർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വച്ച കൂറ്റൻ ഹോഡിംഗിലാണ് സാഗരകന്യകയുടെ ചിത്രം ഉപയോഗിച്ചത്.
ശിൽപ്പം പരസ്യത്തിനായി ഉപയോഗിച്ചപ്പോൾ അതിന്റെ രൂപത്തിൽ മാറ്റങ്ങളും വരുത്തിയിരുന്നു. ഇക്കാര്യം ശില്പിയെ കൂടുതൽ ചൊടിപ്പിച്ചു. സ്തനാർബുദ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ നടത്തിയ ഒരു സ്തനം നീക്കം ചെയ്ത നിലയിലാണ് ശിൽപ്പം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. ഒരു മാറ്റം കാണുന്നുണ്ടോ എന്ന തലക്കെട്ടോടെയാണ് പരസ്യം.
തന്റെ ശിൽപ്പം വികലമാക്കിയെന്നും, അതിൽ തന്റെ അനുവാദം വാങ്ങിയില്ലെന്നും കാനായി കുഞ്ഞിരാമൻ പറഞ്ഞു. ഇതൊരു സ്വകാര്യ ആശുപത്രിയുടെ പരസ്യത്തിന് എന്തുകൊണ്ട് ഈ ചിത്രം ഉപയോഗിച്ചു, വിവാദമായ സാഹചര്യത്തിൽ അത് നീക്കം ചെയ്യുമോ എന്ന ചോദ്യങ്ങളോടൊന്നും സ്വകാര്യ ആശുപത്രി അധികൃതർ ആദ്യം പ്രതികരിച്ചില്ല. എന്നാൽ കാനായിയുടെ പ്രതിഷേധത്തെത്തുടർന്ന് പരസ്യം പിൻവലിച്ചു.