KERALA

തന്ത്രി കണ്ഠരര് രാജീവരിന് ജയിലില്‍ ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളാണെന്നും അതിനാല്‍ ജയിലിലേക്ക് മാറ്റുന്നതിന് പകരം ആശുപത്രിയിലേക്ക് മാറ്റണെന്ന് കഴിഞ്ഞ ദിവസം കണ്ഠരര് രാജീവര് ആവശ്യപ്പെട്ടിരുന്നു

Author : കവിത രേണുക

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരിന് ദേഹാസ്വാസ്ഥ്യം. തന്ത്രിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. താന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളാണെന്നും അതിനാല്‍ ജയിലിലേക്ക് മാറ്റുന്നതിന് പകരം ആശുപത്രിയിലേക്ക് മാറ്റണെന്ന് കഴിഞ്ഞ ദിവസം കണ്ഠരര് രാജീവര് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയിലിലേക്ക് തന്നെ മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. മരുന്ന് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നും കോടതി അറിയിച്ചിരുന്നു.

ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇസിജി പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലാണെങ്കിലും മറ്റു പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. എന്നാല്‍ ഡ്രോപ് ടെസ്റ്റ് നടത്തുന്നതിനായാണ് തന്ത്രിയെ ഇതിന് ശേഷം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും കണ്ഠരര് രാജീവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തല്‍.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് തന്ത്രിയാണ്. സ്വര്‍ണം പൊതിഞ്ഞ പാളിയാണ് എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടുവെന്നും എസ്ഐടി പറയുന്നു. പാളികളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന് ആദ്യം പറഞ്ഞതും കണ്ഠരര് രാജീവര് ആയിരുന്നു.

SCROLL FOR NEXT