Source; News Malayalam 24X7, Social Media
KERALA

എന്തായാലും കള്ളൻ കയറും, എന്നാൽ വാതിലെങ്കിലും കുത്തിപ്പൊളിക്കാതിരിക്കട്ടെ; ഇനി വീടിന്റെ വാതിൽ പൂട്ടുന്നില്ലെന്ന് ഗൃഹനാഥൻ

മോഷണം പോയ മുതലിനൊപ്പം കുത്തിപ്പൊളിക്കുന്ന വാതിൽ നന്നാക്കാനുള്ള തുകയും സത്യനാഥന് തലവേദനയായിരുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: തുടർച്ചയായി വീടിന്റെ വാതിൽ തകർക്കുന്ന കള്ളനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കണ്ണൂർ വെള്ളൂരിലെ സത്യനാഥൻ എന്ന ഗൃഹനാഥൻ. എന്നാൽ ഇനി മുതൽ തന്റെ വീടിന്റെ വാതിൽ പൂട്ടുന്നില്ല എന്നാണ് സത്യനാഥന്റെ തീരുമാനം. 2022 മുതൽ 5 തവണ വാതിൽ തകർത്ത് സത്യനാഥന്റെ വീട്ടിൽ കള്ളൻ കയറിയിരുന്നു. ഓരോ തവണയും തകർക്കുന്ന വാതിൽ നന്നാക്കാൻ ഇനി പണമില്ലെന്നാണ് സത്യനാഥൻ പറയുന്നത്.

ഒന്നും രണ്ടുമല്ല അഞ്ചുതവണയാണ്‌ കണ്ണൂർ വെള്ളൂരിലെ സത്യനാഥന്റെ വീട്ടിൽ കള്ളൻ കയറിയത്. പൂട്ടിയിരുന്ന വാതിൽ കുത്തിത്തുറന്ന് പണവും സ്വർണവും മറ്റ് സാധനങ്ങളും കൊണ്ടുപോയി. സഹികെട്ടാണ് പയ്യന്നൂർ വെള്ളൂർ സ്കൂൾ സ്റ്റോപ്പിന് സമീപത്തെ റിട്ട. പ്രൊഫസർ ആർ. സത്യനാഥൻ പുതിയ തീരുമാനമെടുത്തത്. ഇനി ഈ വീട് പൂട്ടുന്നില്ല. കള്ളൻ സുഖമായി അകത്തു കയറട്ടെ.

മോഷണം പോയ മുതലിനൊപ്പം കുത്തിപ്പൊളിക്കുന്ന വാതിൽ നന്നാക്കാനുള്ള തുകയും സത്യനാഥന് തലവേദനയായിരുന്നു. 2002 ലാണ് ആദ്യ മോഷണം നടന്നത്. അന്ന് സ്വർണവും പണവും മോഷണം പോയി. പിന്നീട് പലതവണ വാതിൽ തകർത്ത് കള്ളൻ കയറിക്കൊണ്ടേയിരുന്നു. കുടുംബം പിലാത്തറയിലേക്ക് താമസം മാറ്റിയിട്ടും കള്ളൻ വിട്ടില്ല.

പിന്നെയും പിന്നെയും സത്യനാഥന്റെ വീട്ടിൽ വാതിൽ തകർത്ത് കയറി. സിസിടിവി ക്യാമറ സ്ഥാപിക്കുകയും പൊലീസിൽ പരാതി നൽകുകയുമൊക്കെ ചെയ്തതാണ്. പക്ഷേ ഫലമുണ്ടായില്ല. തുറന്നിട്ട വാതിലിലൂടെ വീണ്ടും കള്ളൻ അകത്തുകയറുമോ. സത്യനാഥന്റെ തീരുമാനം കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോയെന്ന് കണ്ടറിയണം.

SCROLL FOR NEXT