കോഴിക്കോട്: വലിയങ്ങാടിയിലെ കോര്‍പ്പറേഷന്‍ ഉടമസ്ഥയിലുള്ള കെട്ടിടം തകർന്ന് നാലുപേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഐ ജില്ലാ കൗൺസിൽ. പഴകിയ കെട്ടിടം പൊളിക്കാതെ നിർത്താനിടയായ സാഹചര്യം അധികൃതർ വ്യക്തമാക്കണം. സംഭവത്തെക്കുറിച്ച് കോർപ്പറേഷനും, ജില്ലാ ഭരണകൂടവും കൃത്യമായ അന്വേഷണം നടത്തണമെന്നും സിപിഐ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി അഡ്വ പി. ഗവാസ് ആവശ്യപ്പെട്ടു. മരണപ്പെട്ട നാലുപേരുടെ കുടുംബത്തിനും ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും സിപിഐ പറഞ്ഞു. അപകടത്തിൽ കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്.
പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നല്‍കാനും, പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം. കെ. രാഘവൻ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. കോർപ്പറേഷൻ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും എംപി പറഞ്ഞിരുന്നു.
വലിയങ്ങാടിയിൽ പൊളിച്ചു മാറ്റാനിരുന്ന കെട്ടിടത്തിലാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അപകടമുണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സണ്‍ഷേഡ് ആണ് തകര്‍ന്നത്.കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.