കണ്ണൂർ: കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സെപ്റ്റംബർ 12 വരെ റിമാൻഡ് ചെയ്തു. ഓണത്തിന് ശേഷം അനുപ് മാലിക്കിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സാമ്പത്തിക ലക്ഷ്യം മാത്രമാണ് സ്ഫോടക വസ്തുക്കൾ നിർമിച്ച് ശേഖരിക്കുന്നതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നിയമങ്ങളൊന്നും പാലിക്കാതെയാണ് അനുപ് മാലിക് സ്ഫോടക വസ്തുക്കളുടെ നിർമാണവും ശേഖരണവും നടത്തിയത്. 2016 ലെ പൊടിക്കുണ്ട് സ്ഫോടനത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. എന്നാൽ ഇത്തവണ അനൂപ് മാലിക് എന്ന അനൂപ് കുമാറിന്റെ കണക്കുകൂട്ടലുകതൾ പാളി.
വാടക വീടിന്റെ ഉടമസ്ഥരെയും നാട്ടുകാരെയുമെല്ലാം കബളിപ്പിച്ച് ശേഖരിച്ചുവച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഉറ്റ ബന്ധുവായ മുഹമ്മദ് അഷാമിന്റെ ജീവൻ തന്നെ നഷ്ടമായി. നാടെങ്ങും പൊലീസ് വല വിരിച്ചതോടെ കർണാടകയിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി കാഞ്ഞങ്ങാട്ടെ സുഹൃത്തിന്റെ വീട്ടിലെത്തി. ഇവിടെ നിന്ന് കാറിൽ കേരളം വിടാനായിരുന്നു പദ്ധതി.
പ്രതി ഉപയോഗിച്ചിരുന്ന നാല് ഫോണുകളും ട്രേസ് ചെയ്ത പൊലീസ് പക്ഷേ ആ പദ്ധതി പൊളിച്ചു. കണ്ണപുരം പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ കച്ചവടമായിരുന്നു ലക്ഷ്യമെന്ന് അനൂപ് മാലിക് സമ്മതിച്ചു. വരാനിരിക്കുന്ന ഉത്സവകാലത്തേക്ക് വേണ്ടി നേരത്തെ തന്നെ പടക്കം തയാറാക്കുകയായിരുന്നെന്നും അനധികൃതമായി അസംസ്കൃത വസ്തുക്കൾ എത്തിച്ചുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
25 വർഷത്തിലേറേയായി ഈ മേഖലയിലുള്ള അനൂപ് മാലിക്കിന് കണ്ണൂർ ജില്ലയിലും പുറത്തുമായി നിരവധി ഓർഡറുകൾ ലഭിക്കാറുണ്ട്. വലിയ കച്ചവടം ലക്ഷ്യമിട്ടാണ് അനൂപ് മാലിക് നേരത്തേ സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നത്. സ്ഥിരമായി അധിക കാലം ഒരിടത്ത് തന്നെ തുടരാതിരിക്കുന്നതാണ് ഇയാളുടെ ശീലം. നിലവിൽ ഇത്രയും കാര്യങ്ങളാണ് വ്യക്തമായിട്ടുള്ളതെങ്കിലും തുടരന്വേഷണം ഗൗരവമായി കാണുകയാണ് പൊലീസ്.