KERALA

സ്വർണക്കപ്പുമായി കണ്ണൂർ സ്‌ക്വാഡ്; ജന്മനാട്ടിൽ ഇന്ന് രാജകീയ സ്വീകരണം

ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ടീമിന് ഇന്ന് ജില്ലയിൽ സ്വീകരണം നൽകും. 1028 പോയിൻ്റുകൾ നേടിയാണ് കണ്ണൂർ കലാകിരീടം നേടിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 495 പോയിൻ്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 534 പോയിൻ്റുമാണ് ജില്ല സ്വന്തമാക്കിയത്. നാളെ ഉച്ച കഴിഞ്ഞ് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഉച്ചക്ക് 2 മണിക്ക് സ്വീകരണപരിപാടി ആരംഭിക്കും.

ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് ടീമിനെ സ്വീകരിച്ച് തലശേരി, ധർമടം, മുഴപ്പിലങ്ങാട്, എടക്കാട്, ചാല, താഴെ ചൊവ്വ, മേലെ ചൊവ്വ വഴി കാൾടെക്സിൽ എത്തും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ടീമിന് ടൗൺ സ്ക്വയറിൽ സ്വീകരണം നൽകും. കണ്ണൂർ ടൗൺ സ്ക്വയറിൽ നൽകുന്ന സ്വീകരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ഇന്നലെയാണ് കലാ കേരളത്തെ ആവേശത്തിമിർപ്പിലാക്കിയ കേരളാ സ്കൂൾ കലോത്സവത്തിന് തിരശീല വീണത്. ആദ്യദിനം മുതൽ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ജില്ലകൾ തമ്മിൽ കാഴ്ചവെച്ചത്. ആതിഥേയരായ തൃശൂർ ജില്ലയാണ് 1023 പോയിൻ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയത്. നിരവധി തവണ ചാമ്പന്യന്മാരായിരുന്ന കോഴിക്കോടാണ് 1017 പോയിൻ്റുകളോടെ മൂന്നാം സ്ഥാനത്തെത്തിയത്.

തേക്കിന്‍കാട് മൈതാനത്ത് നടന്ന സമാപന പരിപാടിയിൽ വച്ച് നടൻ മോഹൻലാലാണ് സമ്മാനങ്ങൾ വിതണം ചെയ്തത്. കലോത്സവം കുട്ടികളെ പങ്കുവയ്ക്കലിൻ്റെ രസം ശീലിപ്പിക്കുന്നു. തോൽവി വിജയത്തിൻ്റെ പടവ് ആണെന്ന് പഠിപ്പിക്കുന്നു. ജയപരാജയം അപ്രസക്തമാണെന്ന് മനസിലാക്കി തരുന്നുവെന്നും ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ മോഹൻലാൽ പറഞ്ഞിരുന്നു.

SCROLL FOR NEXT