തിരുവനന്തപുരം: ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി. വിസിമാർ കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവച്ച് ഗണവേഷം കെട്ടി ആർഎസ്എസ് ശാഖകളിലേക്ക് പോകണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
നാടിനെ ഒറ്റുകൊടുത്ത മതനിരപേക്ഷതയെ ബലി കൊടുക്കുന്നവർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യരല്ലെന്നും, വിസിമാർ ഗവർണറുടെ സംരക്ഷണയിൽ നിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് നല്ലത് എന്നും വേണുഗോപാൽ വ്യക്തമാക്കി.
ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ല. ഈ നാട് പേറുന്നത് ഭരണഘടനാ മൂല്യങ്ങളാണ് ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളുടെ ചോരയല്ലെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് ഗുണകരമായ ഒന്നല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിസിമാർ വിദ്യാഭ്യാസ പരിപാടിയിൽ അല്ല പങ്കെടുത്തത്. അത്തരം പരിപാടികളിൽ പോകുന്നത് ഒരിക്കലും ശരിയല്ല. വിദ്യാഭ്യാസ മേഖല വർഗീയവൽക്കരിക്കാനുള്ള ഒരു നീക്കത്തോടും യോജിപ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വിസി ഡി. മാവൂത്ത്, മലയാളം സർവകലാശാല വിസി സി.ആർ. പ്രസാദ് എന്നിവരാണ് 'സംഘപരിവാറിൻ്റെ നൂറു വർഷങ്ങൾ' എന്ന തലക്കെട്ടിൽ ഉദയ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്.
വിസിമാർക്ക് ഗുരുതര വീഴ്ച പറ്റിയെന്നും മാപ്പ് പറയണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി അംഗീകരിക്കില്ല. വിസിമാരുടെ നടപടി വിദ്യാഭ്യാസ പാരമ്പര്യത്തിന് നിരക്കാത്തതാണ് എന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.
സംഘപരിവാറിന് മുന്നിൽ യുഡിഎഫ് സർക്കാർ കീഴടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വൈസ് ചാൻസലർമാർ മതേതരത്വത്തെ ചോദ്യം ചെയ്യുന്നെന്നും പിണറായി വിജയൻ പറഞ്ഞു. സർവകലാശാലകളുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് കൂട്ടുനിൽക്കുന്നെന്ന് എം.വി. ഗോവിന്ദനും ആരോപിച്ചു. ബി. അശോക് ആർഎസ്എസ് അംബാസഡർ ആണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
അതേസമയം, ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരെ വിമർശിച്ചതിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കിൽ ആദ്യം മുഖ്യമന്ത്രി തന്നെ മാപ്പ് പറഞ്ഞ് തുടങ്ങണമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി വിസിമാരെ ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രി ശ്രമിക്കുന്നത് ആർഎസ്എസിനെയും ബിജെപിയെയും ഭീകരവൽക്കരിച്ച് മുസ്ലീം വോട്ട് നേടാനാണ് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലീം ലീഗിൻ്റെയും പിന്തുണയോടെയാണ് വി.ഡി. സതീശൻ അധികാരത്തിൽ തുടരുന്നത് എന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചിരുന്നു.