കെനിയ ബസ് അപകടത്തിൽ മരിച്ച ജസ്‌നയും, റൂഹി മെഹ്റിനും Source: News Malayalam 24x7
KERALA

കെനിയ ബസ് അപകടം: ജസ്‌നയേയും കുഞ്ഞിനേയും കാത്ത് കണ്ണീരോടെ നാട്, മൃതദേഹം നാട്ടിലെത്തിക്കും

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജസ്‌നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ബന്ധുക്കൾ നടത്തുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

കെനിയ ബസ് അപകടത്തിൽ മരിച്ച തൃശൂർ വെങ്കിടങ്ങ് സ്വദേശികളായ ജസ്നയുടെയും മകൾ റൂഹി മെഹ്റിൻ്റെയും മൃതദേഹം നാട്ടിലെത്തിക്കും. ജസ്നയുടെ മൂവാറ്റുപ്പുഴയിലെ വീട്ടിലേക്കാവും മൃതദേഹങ്ങൾ എത്തിക്കുക. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജസ്‌നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ബന്ധുക്കൾ നടത്തുന്നുണ്ട്.

അപകട വിവരം അറിഞ്ഞതിന് പിന്നാലെ ദമ്പതികളുടെ ബന്ധുക്കൾ കെനിയയിൽ എത്തിയിരുന്നു. കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നോർക്ക റൂട്ട്സ് വഴി നൽകിവരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഖത്തറിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന ഹനീഫയും കുടുംബവും നിരവധി വർഷങ്ങളായി ഖത്തറിൽ ആയിരുന്നു സ്ഥിരതാമസം. ബലിപെരുന്നാൾ അവധിയോട് അനുബന്ധിച്ച് ഖത്തറിൽ നിന്നും കെനിയയിലേക്ക് നടത്തിയ വിനോദയാത്രക്കിടെയാണ് ബസ് അപകടം ഉണ്ടായത്.

പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ, മകൾ ടൈറ റോഡ്വിഗസ്, തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ച മറ്റു മലയാളികൾ. റിയയുടെ ഭർത്താവ് ജോയലിനും മകൻ ട്രാവസിനും അപകടത്തിൽ പരിക്കേറ്റിരുന്നു.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ കെനിയയിലെ ലോകകേരള സഭ മുന്‍ അംഗങ്ങളായ ജി.പി. രാജ്മോഹന്‍, സജിത് ശങ്കര്‍ എന്നിവരും കേരള അസോസിയേഷന്‍ ഓഫ് കെനിയയിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.

കെനിയയിലെ വാഹനാപകടത്തിൽ പെട്ടവർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. കേന്ദ്രമന്ത്രി എസ്. ജയശങ്കറിനാണ് മുഖ്യമന്ത്രി കത്തയച്ചത്.ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ പൂർണ സഹകരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായം ലഭ്യമാക്കുന്നതിനായി നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ ഹെല്‍പ്പ് ഡെസ്കിലേയ്ക്ക് 18004253939 (ടോൾ ഫ്രീ നമ്പർ,ഇന്ത്യയില്‍ നിന്നും), +91-8802012345 (മിസ്ഡ് കോൾ, വിദേശത്തു നിന്നും) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

SCROLL FOR NEXT