KERALA

കാർഷിക-തോട്ടം മേഖലകളെ പരിഗണിച്ചില്ല; ബജറ്റിൽ ഇടുക്കിക്ക് അവശ്യമായ മേഖലകളിൽ പരിഗണന ലഭിച്ചില്ലെന്ന് വിദഗ്ധർ

മനുഷ്യ - വന്യജീവി സംഘർഷം ഏറ്റവും കൂടുതൽ നേരിടുന്ന ജില്ലയ്ക്കായി പ്രത്യേക പരിഗണന ഉണ്ടായില്ലെന്നും പരാതിയുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായ സംസ്ഥാന സർക്കാർ ബജറ്റിൽ ഇടുക്കിയിലെ ജനതയ്ക്ക് അവശ്യമായ മേഖലകളിൽ പരിഗണന ലഭിച്ചില്ലെന്ന് വിദഗ്ധർ പറയുന്നു. മനുഷ്യ- വന്യജീവി സംഘർഷം ഏറ്റവും കൂടുതൽ നേരിടുന്ന ജില്ലയ്ക്കായി പ്രത്യേക പരിഗണന ഉണ്ടായില്ലെന്നാണ് പരാതി. കാർഷിക -തോട്ടം മേഖലകൾക്കും പ്രത്യേക പരിഗണന ഉണ്ടാകില്ല എന്നത് നിരാശാജനകമെന്ന് പറയുന്നു.

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ നൂറുകോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഏറ്റവും കൂടുതൽ ദുരിതം നേരിടുന്ന ഇടുക്കിക്ക് പ്രത്യേക പരിഗണന ഇല്ലെന്നത് ഹൈറേഞ്ച് മേഖലയെ ആകുലതപ്പെടുത്തുന്നു. വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കിയെങ്കിലും ജില്ലക്ക് പ്രത്യേകമായി തുക വകയിരുത്തിയിട്ടില്ല. വനത്തോട് ചേർന്നുള്ള പല ജനവാസ മേഖലകളിലും ഫെൻസിങ് നടപടികൾ പോലും ഇനിയും കിലോമീറ്ററുകൾ ബാക്കിയാണ്.

ജനവാസമേഖലയിൽ എത്തുന്ന വന്യജീവികളിൽ നിന്ന് സംരക്ഷണം നൽകാൻ വനം വകുപ്പ് ജീവനക്കാർക്കായുള്ള ആധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഇക്കാലത്ത് അത്യന്താപേക്ഷിതമാണെന്നും അതിനായി നീക്കിവെക്കേണ്ട തുക അപര്യാതമെന്നും വിദഗ്ധർ പറയുന്നു. ഉടുമ്പൻ ചോലയിലെ പുതിയ സർക്കാർ ആയുർവേദ കോളേജിന് ഒന്നരക്കോടി രൂപ. കട്ടപ്പനയെ ടൂറിസം ഹബ്ബാക്കിയുള്ള കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ. ദേവികുളം നാഷണൽ അഡ്വഞ്ചർ അക്കാദമി നിർമാണ പ്രവർത്തനത്തിനായി എട്ടു കോടി രൂപ എന്നിവയൊക്കെയാണ് മറ്റ് പ്രഖ്യാപനങ്ങൾ.

ഇടുക്കിയിലെ തോട്ടം മേഖലക്കും കാർഷിക മേഖലക്കും പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ല എന്നത് നിരാശാജനകമാണ്. തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ യാതൊന്നും ബജറ്റിൽ ഉണ്ടായില്ല എന്നതും ഇടുക്കിയുടെ തോട്ടം മേഖലയെ നിരാശപ്പെടുത്തുന്നു. മുൻ ബജറ്റുകളിൽ പലതവണ തുക മാറ്റിവെച്ച ഇടുക്കി പാക്കേജിന് അഞ്ചുകോടി രൂപയാണ് ഇത്തവണ വകയിരുത്തിയത്.

ഇടുക്കി മെഡിക്കൽ കോളേജിൻ്റെ വികസനത്തിന് 14 കോടി രൂപ, കിൻഫ്ര മുഖേന ചെറുതോണി മിനി ഭക്ഷ്യപാർക്ക് സ്ഥാപിക്കുന്നതിന് നാലു കോടി രൂപ, പട്ടിശ്ശേരി ഡാമിൻ്റെയും കനാൽ സംവിധാനത്തിൻ്റെയും പുനർനിർമാണത്തിനായി 17 കോടി രൂപയും അനുവദിച്ചു.

ജില്ലയിലെ കെഎസ്ടിപി റോഡുകൾക്ക് അനുബന്ധ തുക അനുവദിച്ചു എന്നത് ജില്ലയ്ക്ക് ആശ്വാസമാണ് . പൊൻകുന്നം – തൊടുപുഴ, വട്ടവട – മൂന്നാർ, താന്നിക്കണ്ടം -അശോകകവല, ചെമ്മണ്ണാർ- ഗ്യാപ് റോഡ് എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. ഇടുക്കിയിൽ കൈതാങ്ങ് ആകേണ്ട വിവിധ കാർഷിക മേഖലയ്ക്ക് പ്രത്യേകമായ പരിഗണന ഉണ്ടാകില്ലെന്ന് കർഷകരും പരാതിപ്പെടുന്നു.

SCROLL FOR NEXT