

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത അവഗണനയിലും കേരളം പിടിച്ചു നിന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രത്തിന്റെ അവഗണന ഇല്ലായിരുന്നെങ്കില്‍ കേരളം എവിടേക്ക് ഉയരുമായിരുന്നുവെന്നും ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പറഞ്ഞു.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അതിന്റെ പാരമ്യതയിലെത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്ന് പറഞ്ഞു കൊണ്ടായിരുന്നു തുടക്കം. വികസന-ക്ഷേമ ചെലവുകള്‍ വെട്ടിക്കുറച്ചോ അമിതമായി കടം വാങ്ങിയോ അല്ല കേരളം പിടിച്ചു നിന്നത്. കേന്ദ്ര സര്‍ക്കാരുമായും മറ്റ് സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ കടം ദുര്‍വഹമല്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേരളം എങ്ങനെ പിടിച്ചു നിന്നു എന്നത് 'ഒരു പരമ രഹസ്യ'മാണെന്നായിരുന്നു ധനമന്ത്രിയുടെ തമാശരൂപേണയുള്ള പരാമര്‍ശം.
ഇടതുപക്ഷ സര്‍ക്കാരിനെ ധനപരമായി ഒതുക്കാനുള്ള ശ്രമം കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന് തുടക്കത്തില്‍ തന്നെ കണക്കുകൂട്ടി. അപകടം മുന്‍കൂട്ടി കണ്ട്, സര്‍ക്കാരിന്റെ ചെലവുകള്‍ ക്രമീകരിച്ചും തനതു വരുമാനം വര്‍ധിപ്പിച്ചും പ്രതിരോധക്കോട്ട കെട്ടുകയായിരുന്നു. ഇതാണ് കേരളത്തെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്.
തനത് നികുതി വരുമാനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഏകദേശം 1,27,747 കോടി രൂപയുടെ അധിക വരുമാനം സൃഷ്ടിക്കാനായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് (2016-2017) ശരാശരി പ്രതിവര്‍ഷ തനത് നികുതി വരുമാനം 47,453 കോടി രൂപയായിരുന്നു. ഈ സര്‍ക്കാരിന്റെ ശരാശരി പ്രതിവര്‍ഷ വരുമാനം 73,002 കോടി രൂപയാണ്. ഈ ബജറ്റില്‍ തനത് നികുതി വരുമാനമായി റിപ്പോര്‍ട്ട് ചെയ്യുന്നത് 83,731 കോടി രൂപയാണ്.
തനത് നികുതിയേതര വരുമാനത്തിലും അഭിമാനകരമായ നേട്ടമുണ്ടാക്കിയെന്നും ധനമന്ത്രി പറഞ്ഞു. നികുതിയേതര വരുമാനമായി 24,898 കോടി രൂപയോളം അധികമായി പിരിച്ചെടുത്തു. ഈ സര്‍ക്കാരിന്റെ നികുതിയേതര വരുമാനത്തിന്റെ വാര്‍ഷിക ശരാശരി 15,435 കോടിയായി ഉയര്‍ന്നു. തനത് നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലുമായി 1,52,645 കോടിയിലേറെ അധികമായി പിരിച്ചെടുത്തു.
അധികമായി പിരിച്ചെടുത്ത നികുതി, നികുതിയേതര വരുമാനമാണ് കേന്ദ്ര അവഗണനയ്ക്കിടയിലും കേരളത്തെ പിടിച്ചു നിര്‍ത്തിയതെന്നാണ് ധനമന്ത്രി സഭയില്‍ വ്യക്തമാക്കിയത്. ഇതാണ് ധനമന്ത്രിയുടെ 'കയ്യിലെ മാന്ത്രിക ദണ്ഡ്' എന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ഈ നേട്ടം സാധ്യമാക്കിയ നികുതിദായകരേയും ഉദ്യോഗസ്ഥരേയും ധനമന്ത്രി അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ നികുതി-നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇനിയുമുണ്ടെങ്കിലും അതിന് കേന്ദ്രത്തിന്റെ പിന്തുണ കൂടി വേണമെന്നും മന്ത്രി പറഞ്ഞു.