

സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും അവരുടെ സംരക്ഷണം ലക്ഷ്യമിട്ടുമാണ് സര്‍ക്കാര്‍ 2025ലെ വയോജന കമ്മീഷന്‍ ആക്ട് നിലവില്‍ കൊണ്ടുവരുന്നത്. 60 വയസുകഴിഞ്ഞവര്‍ക്കുള്ള ഉന്നമനവും സംരക്ഷണവും അവരുടെ ക്ഷേമവുമാണ് വയോജന കമ്മീഷന്‍ വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സുപ്രധാനമായ ഒന്ന് വയോജന ബജറ്റ് ആയിരുന്നു. വയോജനങ്ങളുടെ പ്രശ്‌നങ്ങളെ ഗൗരവതരമായി കണ്ട് അവര്‍ക്ക് സംരക്ഷണമൊരുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്.
എന്താണ് വയോജന കമ്മീഷന്‍ ആക്ട്?
വര്‍ധിച്ചുവരുന്ന വയോജനങ്ങളുടെ എണ്ണവും അവരുടെ പ്രത്യേക പ്രശ്‌നങ്ങളും കണക്കിലെടുത്ത് വയോജന കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വര്‍ഷങ്ങളായി സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് സര്‍ക്കാര്‍ വയോജന കമ്മീഷന്‍ ആക്ട് പാസാക്കുന്നത്.
സര്‍ക്കാര്‍ നിയമിക്കുന്ന ഒരു ചെയര്‍പേഴ്‌സണും നാലില്‍ കവിയാത്ത അംഗങ്ങളും ഉണ്ടായിരിക്കും. എല്ലാവരും വയോജനങ്ങള്‍ ആയിരിക്കേണ്ടതും വയോജനക്ഷേമ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുമായിരിക്കണമെന്നാണ് കമ്മീഷന്‍ വ്യവസ്ഥ ചെയ്യുന്നത്. ഇക്കൂട്ടത്തില്‍ ഒരാള്‍ പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ടയാളും മറ്റൊരാള്‍ ഒരു വനിതയുമായിരിക്കണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.
അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളായിരിക്കണം കമ്മീഷന്‍ സെക്രട്ടറി. നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി പദവിയില്‍ കുറയാത്ത ഒരാള്‍ കമ്മീഷന്‍ രജിസ്ട്രാര്‍ ആയും ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ ഫൈനന്‍സ് ഓഫീസറായും നിയമിക്കും. മുന്‍ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ സോമപ്രസാദ് ആണ് കമ്മീഷന്റെ ആദ്യ ചെയര്‍പേഴ്‌സണ്‍.
സര്‍ക്കാരിന്റെ വയോജന ബജറ്റ്
2026ലെ കണക്ക് പ്രകാരം കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ജനസംഖ്യയുടെ 18.7 ശതമാനമാണെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും വയോജനങ്ങളുടെ പ്രശ്നങ്ങളും അവരുടെ സംരക്ഷണവും ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നുവെന്നും അതുകൊണ്ട് തന്നെ ഇത്തവണ എല്‍ഡേര്‍ളി ബജറ്റ് ( വയോജന ബജറ്റ്) എന്ന പുതിയ ഒരു പ്രമാണം കൂടി ബജറ്റ് രേഖകള്‍ക്കൊപ്പം സര്‍ക്കാര്‍ അവതരിപ്പിക്കുന്നുവെന്നുമാണ് ധനമന്ത്രി പറഞ്ഞത്.
റിട്ടയര്‍മെന്റ് ഹോമുകൾ
സംസ്ഥാനത്തെ ജനസംഖ്യയില്‍ വയോജനങ്ങളുടെ അനുപാതം 20 ശതമാനം ആയിട്ടുണ്ട്. വീട്ടില്‍ ഒറ്റപ്പെട്ട് പോകുന്ന വയോജനങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കേണ്ടതുണ്ടെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കമ്യൂണിറ്റി കിച്ചണ്‍, കളിസ്ഥലങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടാകണം. ഇത്തരം റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സര്‍ക്കാര്‍ സബ്സിഡി നല്‍കും. ഇതിനായി 30 കോടി രൂപ പ്രാഥമികമായി നീക്കിവച്ചു.
വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് സന്നദ്ധ വളണ്ടിയര്‍മാരുടെ സേവനം ലഭിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. മുതിര്‍ന്നവര്‍ക്ക് ചികിത്സ ഉള്‍പ്പെടെ ഉള്ള ആവശ്യങ്ങള്‍ക്ക് വിളിക്കുവാന്‍ ഫോണ്‍ നമ്പറുകള്‍ പരസ്യപ്പെടുത്തും. ഫോണ്‍ കോള്‍ വളണ്ടിയര്‍മാരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരിക്കും നടത്തുക. ഈ പദ്ധതിക്ക് പ്രാഥമികമായി നടപ്പിലാക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ വയോജന ബജറ്റിനൊപ്പമല്ല ധനമന്ത്രി റിട്ടയര്‍മെന്റ് ഹോമുകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്.