തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിനിടെ ഒരു അതിഥി സ്റ്റേജിലെത്തി. സത്യപ്രതിജ്ഞാ ചടങ്ങിലെ ഹൃദയ സ്പർശിയായ സ്നേഹക്കാഴ്ചയായിരുന്നു അമ്മാളു അമ്മയുടെ വരവ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ വടക്കൻ പറവൂരിൽ നിന്നാണ് അമ്മാളു അമ്മ എത്തിയത്.
ചടങ്ങ് നേരിൽ കാണണമെന്ന ആഗ്രഹത്തോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ അമ്മാളു അമ്മയെ പാർട്ടി പ്രവർത്തകർ വേദിയിലെത്തിച്ചു. കനത്ത സുരക്ഷയ്ക്കിടയിലും തന്നെ കാണാനെത്തിയ അമ്മയെ സതീശൻ ആലിംഗനം ചെയ്തു.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അമ്മാളു അമ്മയെ വേദിയിൽ വച്ച് പരിചയപ്പെടുത്തി കൊടുത്തു. സീത ലക്ഷ്മി അമ്മാളിന്, അമ്മാളു അമ്മ എന്ന വിളിപ്പേര് ഇട്ടത് സതീശൻ തന്നെയാണ്. തൻ്റെ മണ്ഡലത്തിലെ മംഗളകർമങ്ങളിലും വിഷമഘട്ടത്തിലും മുന്നിൽ നിൽക്കുന്ന നേതാവാണ് വി.ഡി. സതീശൻ. അതുകൊണ്ട് തന്നെ സതീശൻ മുഖ്യമന്ത്രിയാകുന്നത് വടക്കൻ പറവൂർക്കാർക്ക് അഭിമാനമുഹൂർത്തമാണ്.
പത്ത് വർഷത്തിന് ശേഷമുള്ള യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യത്യസ്‌തതകൾ നിറഞ്ഞതായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ വേദിയിൽ പാടുള്ളുവെന്നായിരുന്നു ലോക്ഭവൻ്റെ ആദ്യം നിർദേശം. എന്നാൽ നിയുക്ത മുഖ്യമന്ത്രിയുടെ ആവശ്യത്തിന് മുന്നിൽ ലോക്ഭവൻ വഴങ്ങിയതോടെ നേതാക്കളെ കൊണ്ട് സമ്പന്നമായിരുന്നു വേദി.
തമിഴ്നാട്ടിലേതു പോലെ വന്ദേമാതരം ചൊല്ലിയാണ് ടീം യുഡിഎഫിൻ്റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് തുടക്കമായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മാർഗനിർദേശപ്രകാരം വന്ദേമാതരത്തിൻ്റെ ആറു ചരണങ്ങളും പൂർണമായി ചൊല്ലി.
പത്തുവർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ എത്തിയതിൻ്റെ ആവേശത്തിൽ പ്രവർത്തകരാൽ നിറഞ്ഞിരുന്നു സെൻട്രൽ സ്റ്റേഡിയം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും എത്തിയതോടെ ആവേശം അണപൊട്ടി.