KERALA

തിരുവനന്തപുരം സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് (എം); സ്ഥാനാർഥി ചർച്ചകൾ ആരംഭിച്ച് ജില്ലാ നേതൃത്വം

സഹായദാസും എസ്.എസ്. മനോജും ആണ് സ്ഥാനാർഥികളായി നേതൃത്വത്തിൻ്റെ പരിഗണനയിൽ ഉള്ളത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക നീക്കവുമായി കേരള കോൺഗ്രസ് എം. തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് വേണമെന്നാണ് നേതൃത്വത്തിൻ്റെ ആവശ്യം. സീറ്റ് ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ തന്നെ ജില്ലാ നേതൃത്വം സ്ഥാനാർഥി ചർച്ചകളും ആരംഭിച്ചു. ജില്ലാ പ്രസിഡന്‍റ് സഹായദാസും ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എസ്. മനോജും ആണ് നേതൃത്വത്തിൻ്റെ പരിഗണനയിൽ ഉള്ളത്.

നിലവിൽ ജനാധിപത്യ കേരള കോൺഗ്രസിനാണ് തിരുവനന്തപുരം സീറ്റ്. ആൻ്റണി രാജു അയോഗ്യനായതോടെയാണ് ആവശ്യവുമായി കേരള കോൺഗ്രസ് എം രംഗത്തെത്തിയത്. കോട്ടയത്ത് ഇന്ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സീറ്റ് വിഷയം ചർച്ച ചെയ്യും. രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെയാണ് യോഗം. തൽക്കാലം എങ്ങോട്ടും മാറേണ്ടതില്ല എന്ന നിലപാടിലേക്ക് ജോസ് കെ. മാണി എത്തിയെന്നാണ് സൂചനകള്‍.

കോട്ടയത്ത് ചേരുന്ന പാര്‍ട്ടിയുടെ 84 അംഗ ഉന്നതാധികാര സമിതിയിൽ സ്റ്റിയറിങ് കമ്മിറ്റി യോഗം യുഡിഎഫ് പ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങള്‍ ഔദ്യോഗികമായി തള്ളി, എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കാനുള്ള തീരുമാനമെടുത്ത് പിരിയാനാണ് സാധ്യത. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തിലുള്‍പ്പെടെ മധ്യകേരളത്തിലാകെ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ വിശദാംശങ്ങളിലേക്കും കൂടി പാർട്ടി കടന്നേക്കും.

SCROLL FOR NEXT