Source: Social Media
KERALA

വിതരണത്തിൽ മുൻഗണനാ ക്രമം, കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ നടപടി; പാചകവാതക ക്ഷാമം നേരിടാൻ സംസ്ഥാന സർക്കാർ

ആശുപതികൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐടി പാർക്ക് ഫാക്ടറി ക്യാന്റീനുകൾ അടക്കമുള്ളവർക്ക് മുൻഗണന

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം നേരിടാൻ നടപടികളുമായി സർക്കാർ. ക്ഷാമം തടയാൻ മുൻഗണനാ ക്രമം നിശ്ചയിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആശുപത്രികൾ, സ്കൂളുകൾ എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകും. പാചകവാതക ഉപയോഗം നിരീക്ഷിക്കാൻ കമ്മിറ്റിയെയും നിയോഗിക്കും .

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ എൻഫോഴ്സ്മെൻ്റ് സംഘം രൂപീകരിക്കും. ആശുപതികൾ, വൃദ്ധ സദനങ്ങൾ , അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐടി പാർക്ക് ഫാക്ടറി ക്യാന്റീനുകൾ അടക്കമുള്ളവർക്ക് മുൻഗണന നിശ്ചയിക്കും. ഗാർഹിക സിലണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ വിവിധ വകുപ്പുകൾ പരിശോധന ശക്തമാക്കും.

ശ്മശാനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്ന സാഹചര്യവും ഉണ്ടാവാൻ പാടില്ലെന്ന് യോഗം തീരുമാനിച്ചു. മണ്ണെണ്ണ വിതരണം കൂട്ടാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി എടുക്കും. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. പാചക വാതക പ്രതിസന്ധി സംബന്ധിച്ച് വ്യാജ വാർത്തകളെ നേരിടാനുള്ള നടപടി സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിക്കും.

സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ , ധനമന്ത്രി കെ. എൻ. ബാലഗോപാൽ , തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഐഓസിഎൽ ചീഫ് ജനറൽ മാനേജർ ഗീതിക വർമ്മ, ബിപിസിഎൽ എൽപിജി സംസ്ഥാന മേധാവി തര്യൻ പീറ്റർ, എച്ച്പിസിഎൽ റീജ്യണൽ മാനേജർ അംസൂർ റഹ്മാൻ അടക്കമുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

SCROLL FOR NEXT