പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ ബസ്സിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബസ് പണിമുടക്ക് ആരംഭിച്ചു. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലാണ് ഇന്ന് ബസ് പണിമുടക്ക് നടത്തുന്നത്. ഇന്നലെ കുറ്റ്യാടി-തലശ്ശേരി റൂട്ടിൽ പണിമുടക്കിയിരുന്നു. തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് ബസ് സർവീസ് നിർത്തിവെക്കുമെന്ന് ജീവനക്കാർ അറിയിച്ചിരുന്നു.
മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്യുന്നത് വരെ തൊട്ടിൽപ്പാലം, കുറ്റ്യാടി, നാദാപുരം, പെരിങ്ങത്തൂർ, തലശ്ശേരി, കല്ലിക്കണ്ടി, കടവത്തൂർ, തലശ്ശേരി റൂട്ടിലെ മുഴുവൻ ബന്ധുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന് ജീവനക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെ ഒമ്പത് വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.
തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ വിഷ്ണുവിനാണ് മർദ്ദനമേറ്റത്. സവാദ്, വിശ്വജിത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. തിരിച്ചറിയാത്ത അഞ്ച് പ്രതികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബസിൽ കയറിയ വിദ്യാർഥിനിക്ക് പാസില്ലാത്തതിനാൽ ഫുൾ ചാർജ് ഈടാക്കിയതിനാണ് കണ്ടക്ടറെ മർദിച്ചതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.
ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രശ്ന പരിഹാരത്തിന് ആത്മാർഥമായി ഇടപെട്ടത് ബിജെപി മാത്രമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജാമ്യാപേക്ഷ നൽകിയതിൽ പിഴവുണ്ടായി. ജാമ്യാപേക്ഷയിൽ വീഴ്ച വരുത്തിയത് ആരെന്ന് വ്യക്തമാക്കണം. നടപടിക്രമം പൂർത്തിയാക്കാതെ നൽകിയാൽ തള്ളുമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കയിൽ പോർ വിമാനം തകർന്ന് വീണു. കാലിഫോർണിയയിലെ നേവൽ എയർ സ്റ്റേഷനിലാണ് അപകടം. എഫ് 35 വിമാനമാണ് തകർന്നത്. പൈലറ്റ് സുരക്ഷിതമായി പുറത്ത് കടന്നു.
വീഡിയോ കാണാം...
കണ്ണൂർ ചൂട്ടാട് അഴിമുഖത്ത് വീണ്ടും ഫൈബർ ബോട്ട് മറിഞ്ഞ് അപകടം. ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. മണൽത്തിട്ടയിലിടിച്ച് ബോട്ട് മറിയുകയായിരുന്നു. തിരച്ചിൽ തുടരുകയാണ്. ചൂട്ടാട് അഴിമുഖത്ത് ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ അപകടമാണിത്.
ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് (31.07.2025) പൂർത്തിയാകുന്നതാണ്. നാളെ റേഷൻ കടകൾക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 2 മുതൽ അടുത്ത മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണ്.
ജൂലൈ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിക്കുന്നതല്ലെന്നും ഇതുവരെ റേഷൻ വാങ്ങാത്തവർ ഇന്ന് (31.07.2025) തന്നെ റേഷൻ വാങ്ങേണ്ടതാണെന്നും കേരള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാർ ഇന്ന് വൈകുന്നേരം നാല് മണിക്ക് അമിത് ഷായെ കാണും. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്സ്) മദർ സുപ്പീരിയർ ഇസബെൽ ഫ്രാൻസിസ് ഛത്തീസ്ഗഡിലേക്ക് പുറപ്പെടും. ഈ സന്യാസ സഭയിലെ അംഗങ്ങളാണ് കന്യാസ്ത്രീകളായ സി. പ്രീതിയും സി. വന്ദനയും.
സംസ്ഥാനത്ത് സ്കൂള്‍ വേനല്‍ അവധി മാറ്റാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യയനത്തിന് മഴക്കാലത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. ഏപ്രിൽ-മെയ് മാസങ്ങളിൽ വേനൽ അവധി ജൂൺ-ജൂലൈ മാസത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്. എന്നാൽ ഇത് വ്യക്തിപരമായ ആലോചന മാത്രമാണെന്നും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
മാലേഗാവ് സ്ഫോടനക്കേസിൽ വിധി പ്രസ്താവം തുടങ്ങി. ബിജെപി നേതാവ് പ്രഗ്യാസിങ് താക്കൂർ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസിലാണ് വിധി പ്രസ്താവിക്കുന്നത്.
2008 സെപ്റ്റംബർ 29ന് റമദാൻ മാസത്തിൽ മലേഗാവിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തായിരുന്നു സ്ഫോടനം നടന്നത്. തിരക്കേറിയ ജംഗ്ഷനിൽ മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച ബോബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആറ് പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2018ൽ ആരംഭിച്ച വിചാരണ 2025 ഏപ്രിലിൽ അവസാനിച്ചു.
ഭീകരവാദം, ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, യുഎപിഎ അടക്കം കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സംസ്ഥാന സർക്കാർ കേസിൻ്റെ അന്വേഷണം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറി. 2011 ഏപ്രിലിൽ കേസിൻ്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി.
കേസിലെ 7 പ്രതികളെയും വെറുതെ വിട്ടു
ഗൂഢാലോചന തെളിയിക്കാനായില്ല
ബോംബ് വെച്ച ബൈക്കിന്‍റെ ഉടമ പ്രഗ്യ സിങ് താക്കൂർ ആണെന്നതിന് തെളിവില്ല
കേണൽ പുരോഹിതിൻ്റെ പങ്കിന് തെളിവില്ല
ഈ കേസിൽ യുഎപിഎ നിലനിൽക്കില്ല
ഭീകരവിരുദ്ധ നിയമം പ്രയോഗിക്കാനാവില്ലെന്ന് കോടതി
വിരലടയാളങ്ങളോ ഡിഎൻഎയോ ശാസ്ത്രീയ തെളിവുകളോ ശേഖരിച്ചിട്ടില്ല
സ്കൂള്‍ വേനല്‍ അവധി മാറ്റണോ എന്ന വിഷയത്തിൽ പൊതു ചർച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. "മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് - ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു," മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ നിലപാടിനെതിരെ ഹൈവേ സംരക്ഷണസമിതി ദേവികുളത്ത് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ വാളറ മുതൽ നേര്യമംഗലം വരെ ഇന്ന് ലോങ് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാർ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ റാലിയിൽ പൊലീസും സമരക്കാരും തമ്മിൽ വാക്കു തർക്കവും ഉന്തും തള്ളുമുണ്ടായി.
മലപ്പുറം സ്പോർട്സ് കൗൺസിലിലെ വെയ്റ്റ് ലിഫ്റ്റിങ് പരിശീലകനെതിരെ പീഡന പരാതി. മലപ്പുറത്തെ പരിശീലകൻ മുഹമ്മദ് നിഷാക് മോശമായി പെരുമാറിയെന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ നൽകിയ പരാതിയിലുള്ളത്. പരിശീലകനെതിരെ പോക്സോ വകുപ്പുകൾ ചേര്‍ത്ത് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.
കോഴിക്കോട് കുന്നമംഗലത്ത് കാറും ബസും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെയാണ് കുന്നമംഗലം പടനിലത്ത് ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചത്. അടിവാരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ യാത്രക്കാർക്കും ബസ്സിലെ ഏതാനും പേർക്കും പരിക്കേറ്റു. 14 പേർക്കാണ് പരിക്ക് പറ്റിയതെന്നാണ് പ്രാഥമിക വിവരം.
ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് കടന്നതാണ് അപകടകാരണം എന്നാണ് പോലീസ് നൽകുന്ന സൂചന. അപകടത്തിൽ കാറിൻ്റെ മുൻഭാഗം ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അൽപ്പനേരം തടസ്സപ്പെട്ടു.
ബെവ്‌കോയിൽ നിന്ന് വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ബെവ്‌കോ തന്നെ തിരിച്ചെടുക്കും. മദ്യത്തിന്റെ വിലയ്ക്ക് ഒപ്പം 20 രൂപ ഡെപ്പോസിറ്റ് വാങ്ങിയാകും നടപടി. അതാത് ഔട്ട്ലെറ്റുകളിൽ തിരിച്ചെത്തിച്ചാൽ 20 രൂപ തിരിച്ചു നൽകും.